Bobby-chemmannur Arrest: ബോബി ചെമ്മണ്ണൂരിന് ഒളിവിൽ പോകാനനുവദിക്കാതെ മിന്നൽ അറസ്റ്റ്, കസ്റ്റഡിയിൽ എടുക്കുന്നതിനു തൊട്ടു മുമ്പുവരെ ലോക്കൽ പോലീസും വിവരം അറിഞ്ഞില്ല
വയനാട്: സിനിമാതാരം ഹണി റോസിന്റെ പരാതിയെ തുടര്‍ന്ന് വ്യവസായിയായ ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ എടുക്കാന്‍ എറങ്ങാകുളം സെന്‍ട്രല്‍ പോലീസും വയനാട് എസ്.പി തപോഷ് ബസുമതാരിയുടെ സംഘവും മേപ്പാടിയില്‍ എത്തുന്നതുവരെ മേപ്പാടി ലോക്കല്‍ പോലീസും വിവരം അറിഞ്ഞിരുന്നില്ല. വയനാട് മേപ്പാടിയിലെ ആയിരം ഏക്കര്‍ എന്ന സ്ഥലത്തെ ബോബിയുടെ സ്വന്തമായ റിസോര്‍ട്ടില്‍ നിന്നാണ് ബോബിയെ ബുധനാഴ്ച രാവിലെ ഒന്‍പതു മണിയോടെ മേപ്പാടി പോലീസുമായി ചേര്‍ന്ന് കസ്റ്റഡിയില്‍ എടുത്തത്.
പരാതിയെ തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം ബോബിക്കെതിരെ കേസെടുക്കുകയും ചെയ്തതിനു തൊട്ടു പിന്നാലെയായിരുന്നു മേപ്പാടിയിലെത്തി അറസ്റ്റ് ചെയ്തത്. ബോബിക്ക് ഒളിവില്‍ പോകാനോ മുന്‍കൂര്‍ ജാമ്യമെടുക്കാനോ കഴിയും മുമ്പ് അറസ്റ്റ് ചെയ്യാതായിരുന്നു പോലീസിന്റ ഈ മിന്നല്‍ നടപടി. ബോബി രണ്ടു ദിവസമായി റിസോര്‍ട്ടില്‍ ഉണ്ടെന്നു സ്ഥിരീകരിച്ച ശേഷമായിരുന്നു പോലീസ് നീക്കം. കസ്റ്റഡിയില്‍ എടുത്ത ശേഷം സ്വകാര്യ വാഹനത്തിലാണ് മേപ്പാടിക്കു സമീപത്തെ പുത്തൂര്‍വയലിലെ എആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയത്. പിന്നീട് ഉച്ചയ്ക്ക് 12 മണിയോടെയാണ് ബോബിയെ പോലീസ് വാഹനത്തില്‍ എറണാകുളത്തേക്ക് കൊണ്ടുപോയിരിക്കുന്നത്.
വിവരം അറിഞ്ഞു മാധ്യമ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പോലീസ് അവരെ അനുവദിച്ചില്ല. എങ്കിലും ജീപ്പില്‍ വച്ചു ബോബി മാധ്യമ പ്രവര്‍ത്തകരെ കൈവീശി കാണിച്ചു. സന്ധ്യയോടെ പോലീസ് ബോബിയായി എറണാകുളത്ത് എത്തമെന്നാണ് കണക്കാക്കുന്നത്.