നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്ന് കൊച്ചി പൊലീസാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. പരാതിയില്‍ അന്വേഷണം നടത്താന്‍ നേരത്തെ പ്രത്യേക സംഘത്തിനു രൂപം നല്‍കിയിരുന്നു. എറണാകുളം സെന്‍ട്രല്‍ എ.സി.പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
ഓഗസ്റ്റ് ഏഴിനു കണ്ണൂരില്‍ നടന്ന ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് ബോബി ചെമ്മണ്ണൂര്‍ നടി ഹണി റോസിനെതിരെ ലൈംഗികചുവയുള്ള പരാമര്‍ശം നടത്തിയത്. മാസങ്ങള്‍ക്കു മുന്‍പാണ് ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങ് നടന്നതെന്നും അന്നൊന്നും ഇല്ലാത്ത പരാതി ഇപ്പോള്‍ വരാനുള്ള കാരണം തനിക്കു അറിയില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു.
ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 75(4) പ്രകാരം ലൈംഗികചുവയുള്ള പരാമര്‍ശം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് 2000 സെക്ഷന്‍ 67 പ്രകാരം സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം എന്നീ കുറ്റങ്ങളാണ് ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്.