സ്ത്രീയുടെ ശരീരഘടനയെപ്പറ്റി കമന്റ് ചെയ്യുന്നതും ലൈംഗികാതിക്രമമെന്ന് ഹൈക്കോടതി

രേണുക വേണു

ബുധന്‍, 8 ജനുവരി 2025 (10:02 IST)
സ്ത്രീയുടെ ശരീരഘടനയെപ്പറ്റി പറയുന്നതും, ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമമാണെന്ന് ഹൈക്കോടതി. സ്ത്രീയുടെ ശരീരഘടനയെ കുറിച്ച് അനാവശ്യമായ വര്‍ണനകള്‍ നടത്തുന്നത് ലൈംഗികച്ചുവയോടെ അല്ലെന്ന് കരുതാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. 
 
സഹപ്രവര്‍ത്തകയുടെ പരാതിയില്‍ തനിക്കെതിരെ ആലുവ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥന്‍ പുത്തന്‍വേലിക്കര സ്വദേശി ആര്‍.രാമചന്ദ്രന്‍ നായര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബദറുദ്ദീന്റെ ഉത്തരവ്. 
 
ശരീരഭാഗം മികച്ചതാണെന്നു പറയുകയും ഫോണിലൂടെ ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയക്കുകയും ചെയ്‌തെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ആലുവ പൊലീസ് 2017 ലാണ് രാമചന്ദ്രന്‍ നായര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് രാമചന്ദ്രന്‍ നായരുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍. മികച്ച ബോഡി സ്ട്രക്ച്ചര്‍ എന്ന കമന്റില്‍ ലൈംഗികച്ചുവ ഇല്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇതിനെ പരാതിക്കാരി ശക്തമായി എതിര്‍ത്തു. 
 
മുന്‍പും തനിക്കെതിരെ സമാനമായ പ്രവൃത്തി ഹര്‍ജിക്കാരന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി. ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിട്ടും മറ്റു നമ്പറുകളില്‍ നിന്ന് ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചു. കെ.എസ്.ഇ.ബി വിജിലന്‍സ് ഓഫീസര്‍ അടക്കം പരാതി നല്‍കിയിട്ടും മോശമായ പെരുമാറ്റം ഇയാള്‍ തുടരുകയായിരുന്നെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ശരീരഘടനയെക്കുറിച്ച് പറഞ്ഞത് ലൈംഗികച്ചുവയോടെ അല്ലെന്ന് കരുതാനാവില്ലെന്നും അതിനാല്‍ ഹര്‍ജിക്കാരനെതിരെ ചുമത്തിയ വകുപ്പുകള്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍