പുലിത്തോല്‍ കച്ചവടം: 4 പേര്‍ അറസ്റ്റില്‍

Webdunia
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (18:53 IST)
പുലിത്തോല്‍ വില്‍ക്കാനുള്ള ശ്രമത്തിനിടയില്‍ നാലു പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. കന്യാകുമാരി വിളവന്‍കോട് ചെറുകോല്‍ സ്വദേശി ഒനാസിം‍ഷാനു (34), മാര്‍ത്താണ്ഡം സ്വദേശി ചാള്‍സ് (35), ഉള്ളൂര്‍ പോങ്ങുമ്മൂട്ടില്‍ സുജാസ് (45), മലയിന്‍‍കീഴ് തച്ചോട്ടുകാവ് മാധവത്തില്‍ സന്തോഷ് (39) എന്നിവരാണു വലയിലായത്.
 
വന്യജീവി സം‍രക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ പെട്ട പുള്ളിപ്പുലിയുടെ തോലാണു ശംഖുമുഖം കേന്ദ്രീകരിച്ച് കച്ചവടം നടത്താന്‍ ശ്രമിച്ചത്. പുലിത്തോല്‍ കടത്താന്‍ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.
 
അന്തര്‍ സംസ്ഥാന വന്യജീവി വേട്ട സംഘങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുള്ളതായി അധികൃതര്‍ പറഞ്ഞു. വനം അസി.കണ്‍സര്‍വേറ്റര്‍ എസ്.സന്തോഷ് കുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ വലയിലായത്.