തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍; രേഖകള്‍ കോടതിക്ക് കൈമാറി

Webdunia
വെള്ളി, 5 ജനുവരി 2018 (11:17 IST)
മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. ഉപഗ്രഹ റിപ്പോര്‍ട്ടുകളടക്കമുള്ള രേഖകള്‍ കോടതിക്ക് കൈമാറുകയും ചെയ്തു. രേഖകളില്‍ അവ്യക്തതയുണ്ടെന്ന് തോമസ് ചാണ്ടി ചൂണ്ടിക്കാട്ടിയപ്പോള്‍ തടസ്സവാദം കലക്ടര്‍ മുമ്പാകെ ഉന്നയിക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്.
 
അതേസമയം, കായല്‍ കയ്യേറിയതുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ ത്വരിത അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയം വിജിലന്‍സ് കോടതി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കന്‍ ഉത്തരവിട്ടിരുന്നു. ഈ മാസം 18ന് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന്‍റെ പകർപ്പ് ഹാജരാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.   
 
ആലപ്പുഴ ലേക് പാലസ് റിസോർട്ടിനു സമീപത്തുകൂടെ വലിയകുളം മുതൽ സീറോ ജെട്ടി വരെയുള്ള റോഡ് നിർമാണത്തിൽ വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ ഗൂഢാലോചന ഉൾപ്പടെയുള്ള കുറ്റം ചുമത്താമെന്നാണ് വിജിലൻസ് കോടതിയെ അറിയിച്ചത്. റിപ്പോർട്ടിന്‍റെ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല
 
റോഡ് നിർമാണവുമായി ബന്ധപ്പെട്ട് എംപി ഫണ്ടിൽ നിന്നു പണം അനുവദിച്ച രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, മുൻ എംപി കെ.ഇ. ഇസ്‌മായിൽ എന്നിവരുടെയും പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും വിജിലൻസ് റേഞ്ച് എസ്പി: എം.ജോൺസൺ ജോസഫ്, വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയ്ക്കു നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article