യുവതിയെ ഭർതൃഗൃഹത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പേരയം മുത്തുമുക്കിനടുത്ത് സ്റ്റാർ ഡെയിലിൽ താമസിക്കുന്ന മനുഷ്യാവകാശ കമ്മീഷൻ ഓഫീസ് ജീവനക്കാരനായ അരുൺ ജോസിന്റെ മകൾ ടീന എന്ന ഇരുപതുകാരിയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് ഭർത്താവ് ഉൾപ്പെടെ ആറുപേരെ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് ഭർത്താവ് മധുപ്രസാദിന്റെ കുമ്പളം കൊല്ലിറ്റഴിക്കാത്തത് വീട്ടുവളപ്പിലെ കിണറ്റിൽ ടീന വീണു എന്ന ടീനയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു.
ഭർതൃ സഹോദരൻ ജിതിൻ പ്രസാദ് ഫയർ ഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് അവരെത്തിയാണ് മൃതദേഹം കരയ്‌ക്കെടുത്തത്. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിലെ ഒന്നാം വർഷ ഫിസിക്സ് ബിരുദ വിദ്യാര്തഥിനിയാണ് മരിച്ച ടീന.
നിരവധി കേസുകളിൽ പ്രതികളാണ് ടീനയുടെ ഭർത്താവ് മധുവും ഇയാളുടെ സഹോദരൻ ജിതിനും. ഗുണ്ടാ ആക്ടിൽ അറസ്റ്റിലായ മധു രണ്ട് ആഴ്ച മുമ്പാണ് ജയിൽ മോചിതനായി പുറത്തിറങ്ങിയത്. പോലീസിനെ ആക്രമിച്ച കേസിലും ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിലും ഇരുവരും പ്രതികളാണെന്നറിയുന്നു. വിശദ വിവരങ്ങൾ അറിവായിട്ടില്ല.