ആരൊക്കെ വെട്ടിമാറ്റാന്‍ ശ്രമിച്ചാലും മന്നത്ത് പത്മനാഭന്റെ സ്ഥാനം ജനഹൃദയങ്ങളിൽ ഉണ്ടാകും: കുമ്മനം

Webdunia
ശനി, 9 ഫെബ്രുവരി 2019 (07:10 IST)
കേരളത്തിന്റെ നവോത്ഥാന നായകരുടെ പട്ടികയില്‍ നിന്നും ആരൊക്കെ വെട്ടിമാറ്റാന്‍ ശ്രമിച്ചാലും ഇല്ലാതാകുന്നതല്ല മന്നത്തിന്റെ സ്ഥാനമെന്ന് മിസോറാം ഗവര്‍ണര്‍ ഡോ. കുമ്മനം രാജശേഖരന്‍. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ സേവനങ്ങള്‍ വിസ്മരിച്ചുകൊണ്ടുള്ള നവോത്ഥാന ചരിത്രം അപൂര്‍ണമാണെന്നെന്നും കുമ്മനം വ്യക്തമാക്കി. 
 
ടി കെ മാധവനും ആര്‍ ശങ്കറിനും അയ്യങ്കാളിയ്ക്കുമൊപ്പം പ്രവര്‍ത്തിച്ച പത്മനാഭനാണ് യഥാര്‍ത്ഥ നവോത്ഥാന നായകനെന്നും കുമ്മനം പറഞ്ഞു. തൊടുപുഴ മണക്കാട് എന്‍.എസ്.എസ് കരയോഗത്തിന്റെ ഒരുവര്‍ഷം നീണ്ടുനിന്ന നവതി ആഘോഷപരിപാടികളുടെ സമാപനസമ്മേളനവും സുകൃതം കാരുണ്യ ചികിത്സാ സഹായ പദ്ധതിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
അതേസമയം, കേരള സാഹിത്യ അക്കാദമിയുടെ ഡയറിയില്‍ നിന്ന് മന്നത്ത് പത്മനാഭന്‍റെചിത്രം ഒഴിവാക്കിയത് വിവാദമായുരുന്നു. 'കേരളം ഓര്‍മ്മസൂചിക 2019' എന്ന പേരില്‍ അക്കാദമി പുറത്തിറക്കിയ ഡയറിയിലെ നവോത്ഥാന നായകരുടെ ചിത്രങ്ങളുടെ കൂട്ടത്തിലാണ് മന്നത്ത് പത്മനാഭന്‍റെ ചിത്രം ഇല്ലാതിരുന്നത്. മന്നത്തിന്‍റെ ചിത്രം ഇല്ലാത്തത് പ്രതിഷേധാര്‍ഹമാണന്ന് എന്‍ എസ്‍ എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article