കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ ജോലി വാഗ്ദാനം ചെയ്‌തു ഒന്നരലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (11:53 IST)
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ ജോലി വാഗ്ദാനം ചെയ്‌തു ഒന്നരലക്ഷം തട്ടിയ യുവാവ് അറസ്റ്റിലായി. ശ്രീവരാഹം സൂര്യകിരണം വീട്ടിൽ സ്വരൂപ് കണ്ണൻ എന്ന 29 കാരനെ ഫോർട്ട് പൊലീസാണ് അറസ്റ്റ് ചെയ്തത്.

മൂന്നു മാസം മുമ്പാണ് സംഭവം. പരാതിക്കാരൻ പ്രതിയുമായി അടുത്തു പരിചയമുള്ളയാളാണ്. ശ്രീവരാഹത്ത് വച്ച് പ്രതി പലപ്പോഴായാണ് അയ്യായിരം, പതിനായിരം എന്നീ നിലയിൽ ഈ തുക കൈക്കലാക്കിയത്. ഇതിൽ നിന്ന് 30000 രൂപ ഫോൺ വാങ്ങാനും ബാക്കി തുക വിനോദസഞ്ചാര കേന്ദ്രങ്ങൾ കറങ്ങാനുമായി ചിലവഴിച്ചു എന്നാണു പ്രതി പോലീസിനോട് പറഞ്ഞത്.

മാനന്തവാടി ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരനാണെന്നായിരുന്നു ഇയാൾ പരാതിക്കാരനെ കബളിപ്പിച്ചത്. ഈ മാസം ജോലിക്ക് കയറ്റാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ സംഗതി നടക്കാതെ വന്നപ്പോഴാണ് പോലീസിൽ പരാതി നൽകിയത്. ഇരുപതോളം പേരെ ഇയാൾ ഇത്തരത്തിൽ കബളിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് സൂചന നൽകിയത്. സംഭവത്തിൽ ഇയാൾക്ക് മറ്റു കൂട്ടാളികൾ ഇല്ലെന്നാണ് പ്രാഥമിക നിഗമനം.

അനുബന്ധ വാര്‍ത്തകള്‍

Next Article