കോഴിക്കോട് എം ഇ എസ് വിമന്‍സ് കോളജില്‍ പര്‍ദ്ദയ്ക്ക് നിരോധനം. അടുത്ത മാസം ഒന്നു മുതലാണ് പര്‍ദ്ദയ്ക്ക് നിരോധനം. ജൂലൈ ഒന്നുമുതല്‍ കോളജില്‍ പര്‍ദ്ദ, ലെഗിന്‍സ്, ജീന്‍സ് എന്നിവ ധരിക്കാന്‍ പാടില്ലെന്നാണ് അറിയിപ്പ്.
ഇതു സംബന്ധിച്ച് രണ്ടുദിവസം മുമ്പ് കോളജില്‍ ക്ലാസുകള്‍ തോറും ഇക്കാര്യം നോട്ടീസ് മുഖേന അറിയിച്ചിരുന്നു. നിരോധിച്ച വസ്ത്രങ്ങള്‍ ധരിച്ച് കോളജില്‍ എത്തുന്നവരെ ക്ലാസില്‍ കയറ്റില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
കോളജിന്റെ പുതിയ നടപടിക്കെതിരെ പ്രതിഷേധവുമായി ചില വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. ക്ലാസുകളില്‍ നോട്ടീസ് നല്‍കിയ ഉടന്‍ തന്നെ ഇവര്‍ തീരുമാനത്തോടുള്ള വിയോജിപ്പ് അധ്യാപകരെ അറിയിക്കുകയായിരുന്നു.
അതേസമയം, സ്ത്രീകള്‍ മുഖം മൂടുന്നത് ഇസ്‌ലാമികമല്ലെന്ന് പ്രസ്താവന നടത്തിയ എം ഇ എസ് ചെയര്‍മാന്‍ ഡോക്ടര്‍ ഫസല്‍ ഗഫൂറിനെതിരെ ന്യൂനപക്ഷ കമ്മീഷന്‍ നോട്ടീസ് അയച്ചു. ന്യൂനപക്ഷ കമ്മീഷനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് ഫസല്‍ ഗഫൂര്‍ പറഞ്ഞു.
എം ഇ എസ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. മുഖം മൂടുന്ന രീതിയിലുള്ള പര്‍ദ്ദ ധരിക്കുന്നത് ഇസ്‌ലാമിന് യോജിച്ചതല്ലെന്നും തുണി കൂടിയാല്‍ സംസ്‌കാരം കൂടുകയില്ലെന്നുമായിരുന്നു ഫസല്‍ ഗഫൂറിന്റെ പരാമര്‍ശം.