Kottayam Lok Sabha Seat: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തോമസ് ചാഴിക്കാടന്‍ വീണ്ടും മത്സരിക്കും. കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസ് (എം) തന്നെ മത്സരിക്കട്ടെ എന്നാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥിയായാണ് ചാഴിക്കാടന്‍ മത്സരിച്ചതും വിജയം സ്വന്തമാക്കിയതും. എന്നാല്‍ പിന്നീട് കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്കു എത്തുകയായിരുന്നു.
ഇത്തവണ കോട്ടയം സീറ്റ് നേടാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍. കേരള കോണ്‍ഗ്രസിന് രാഷ്ട്രീയ വേരോട്ടമുള്ള കോട്ടയത്ത് എല്‍ഡിഎഫിന്റെ മുന്നണി സംവിധാനം കൂടി ചേര്‍ന്നാല്‍ വിജയിക്കാമെന്നാണ് പ്രതീക്ഷ. എംപി എന്ന നിലയില്‍ മികച്ച പ്രകടനമാണ് ചാഴിക്കാടന്‍ നടത്തിയിട്ടുള്ളത്. അനൗദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാമെന്ന് കേരള കോണ്‍ഗ്രസിന് എല്‍ഡിഎഫില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
അതേസമയം യുഡിഎഫില്‍ നിന്ന് ആരായിരിക്കും കോട്ടയത്ത് സ്ഥാനാര്‍ഥിയാകുക എന്നതില്‍ വ്യക്തതയില്ല. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനാണ് കോട്ടയം സീറ്റ് നല്‍കുക. പി.ജെ.ജോസഫ് ലോക്‌സഭയിലേക്ക് ഇല്ലെന്ന നിലപാടിലാണ്. മോന്‍സ് ജോസഫിനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചനയുണ്ട്.