എണ്‍പത്തിനാലുകാരിയായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉഴവൂര്‍ വട്ടാണികുന്നേല്‍ സൈമണിന്റെ ഭാര്യ ഏലിയാമ്മയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍ പരിക്കേറ്റിട്ടുണ്ട്. വീഴ്ചയില്‍ പരിക്കേറ്റതാവാമെന്നാണ് ആദ്യ നിഗമനമെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തുന്നത്‍.
കുറേകാലമായി ഏലിയാമ്മ തനിച്ചാണ് താമസിക്കുന്നത്. ഇന്ന് പുലര്‍ച്ചെ സമീപത്തു താമസിക്കുന്ന മകന്‍ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഏലിയാമ്മയെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അവര്‍ മരിച്ചിരുന്നു. ഏലിയാമ്മ വീട് അകത്തു നിന്ന് പൂട്ടാറില്ലെന്നും ചാരിയിടുകയേ ചെയ്യാറുള്ളൂയെന്നും പരിസരവാസികള്‍ പറയുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സയന്റിഫിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തലയ്‌ക്കേറ്റ മുറിവ് എങ്ങനെയുണ്ടായി എന്ന കാര്യത്തില്‍ വ്യക്തതയില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.