ആറ് മരണത്തിന് ശേഷം വിവാഹം; ജോളിയുടെ ഭർത്താവും കസ്റ്റഡിയിൽ; കൊല്ലപ്പെട്ടവരിൽ ഷാജുവിന്റെ ആദ്യഭാര്യയും കുട്ടിയും

Webdunia
ശനി, 5 ഒക്‌ടോബര്‍ 2019 (13:46 IST)
കോഴിക്കോട് കൂടത്തായിയിലെ ദുരൂഹമരണത്തില്‍ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയിലായി. മരിച്ച റോയിയുടെ ഭാര്യ ജോളിയും സിലിയുടെ ഭര്‍ത്താവ് ഷാജുവും സയനൈഡ് എത്തിച്ച ജ്വല്ലറി ജീവനക്കാരനുമാണ് കസ്റ്റഡിയിലുള്ളത്. സിലി മരിച്ച് ഒരു വര്‍ഷത്തിന് ശേഷം ഷാജുവും ജോളിയും വിവാഹിതരായിരുന്നു. സ്വത്ത് തട്ടിയെടുക്കുന്നതിനായി കുടുംബാംഗങ്ങളെ വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഷാജുവിന്റെയും സിലിയുടെയും മകള്‍ അല്‍ഫോന്‍സയും മരിച്ചിരുന്നു.
 
വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയി തോമസ്, ടോം തോമസിന്റെ സഹോദര പുത്രന്റെ ഭാര്യ സിലി, സിലിയുടെ മകള്‍ രണ്ട് വയസ്സുകാരി അല്‍ഫോന്‍സ, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ എന്നിവരാണ് വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ചത്. 2002ല്‍ അന്നമ്മ മരിച്ചു. ടോം തോമസ് 2008ലും റോയി 2011ലും മരിച്ചു. മാത്യുവും അല്‍ഫോന്‍സയും 2014ലും സിലി 2016ലുമാണ് മരിച്ചത്. ടോം തോമസിന്റെ സഹോദരന്റെ മകനാണ് ഷാജു.
 
'സ്ലോ പോയിസണിംഗി'ങ്ങാണ് മരണത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. സയനൈഡാണ് ഉപയോഗിച്ചത്.സയനൈഡ് എത്ര അളവില്‍ ഉപയോഗിച്ചതെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ജോളിയുടെ ഭര്‍ത്താവ് റോയ് സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചത്. വിഷത്തിന്റെ സാന്നിധ്യം ശരീരത്തില്‍ കണ്ടെത്തിയിരുന്നെങ്കിലും ആത്മഹത്യയാണെന്ന സംശയത്തില്‍ വിവരം മൂടിവെയ്ക്കുകയായിരുന്നു. ബാക്കിയുള്ളവര്‍ക്ക് പതുക്കെപ്പതുകെ സയനൈഡ് നല്‍കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഭക്ഷണം കഴിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു ആറ് പേരും മരിച്ചത്.
 
കുടുംബസ്വത്തുക്കള്‍ ജോളിയുടെ പേരിലേക്ക് മാറ്റിയതാണ് സംശയത്തിന് ഇടയാക്കിയത്. ആറ് പേരുടെ മരണത്തിലെ സമാനതയും കൂടിയായതോടെ ടോം തോമസിന്റെ മക്കള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഓരോ മരണത്തിനും വര്‍ഷങ്ങളുടെ ഇടവേളയുണ്ടായത് ബോധപൂര്‍നവ്വമാണെന്നാണ് പോലീസ് കരുതുന്നത്. ഹൃദയസംബന്ധമായ അസുഖം കാരണമാണ് ആറു പേരും മരിച്ചതെന്നായിരുന്നു പ്രചരിപ്പിച്ചിരുന്നത്. ആറ് പേരുടെയും മരണസമയത്ത് ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നതും സംശയം ബലപ്പെടുത്തു.
 
നുണ പരിശോധനയ്ക്ക് വിധേയയാവാന്‍ ജോളിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നിരസിക്കുകയായിരുന്നു. ആറുതവണ ചോദ്യം ചെയ്തിരുന്നു. മൊഴികളില്‍ വൈരുദ്ധ്യമുണ്ടായി. മൂന്ന് മാസമെടുത്താണ് അന്വേഷണസംഘം തെളിവുകള്‍ ശേഖരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article