ആര്യയുടെ നില അതീവഗുരുതരമെന്ന് മെഡിക്കല്‍ ബോര്‍ഡ്

Webdunia
ഞായര്‍, 19 ജൂലൈ 2015 (12:11 IST)
ട്രയിനില്‍ നിന്നും വീണ് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കോന്നി സ്വദേശിനി ആര്യയുടെ നില അതീവഗുരുതരമെന്ന് മെഡിക്കല്‍ ബോര്‍ഡ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് അറിയിച്ച മെഡിക്കല്‍ ബോര്‍ഡ് അടിയന്തര ശസ്ത്രക്രിയകള്‍ ഇല്ലെന്നും വ്യക്തമാക്കി.
 
വെന്റിലേറ്റര്‍ സഹായം 24 മണിക്കൂര്‍ കൂടി തുടരുമെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ തലച്ചോറിന്റെ നില അതീവ ഗുരുതരമാണ്. തലച്ചോര്‍ പ്രവര്‍ത്തന ക്ഷമമല്ല. എന്നാല്‍, പ്രതീക്ഷ ഇപ്പോഴുമുണ്ട്. അടുത്ത 24 മണിക്കൂര്‍ അതീവ നിര്‍ണായകമാണെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു.
 
രക്തസമ്മര്‍ദ്ദം സാധാരണ നിലയിലെത്തിക്കാന്‍ ശ്രമം തുടരുകയാണ്. മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും ഡോക്‌ടര്‍മാര്‍ മാധ്യമങ്ങളെ അറിയിച്ചു.
 
പത്തനംതിട്ട കോന്നി കല്ലേശ്ശേരി കിഴക്കേടത്ത് സുരേഷിന്‍റെ മകളാണ് 16 വയസുകാരിയായ ആര്യ. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് ആര്യ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞദിവസം ആര്യയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നു. എന്നാല്‍, ന്യുമോണിയ ബാധയെ തുടര്‍ന്ന് ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതോടെയാണ് പെണ്‍കുട്ടിയുടെ നില പെട്ടന്ന് വഷളായത്.