കുപ്രസിദ്ധ വാഹന മോഷ്ടാവ് 'ബൊലേറോ' മുജീബ് റഹ്‍മാന്‍ പിടിയില്‍

Webdunia
ശനി, 30 ഏപ്രില്‍ 2016 (11:21 IST)
കുപ്രസിദ്ധ വാഹന മോഷ്ടാവായ നെടിയിരിപ്പ് നമ്പില്ലത്ത് മുജീബ് രഹ്‍മാന്‍ എന്ന 46 കാരനെ പൊലീസ് പിടികൂടി. കൊണ്ടോട്ടി പാണ്ടിക്കാട് നിന്ന് ബൊലേറോ ജീപ്പ് മോഷണം പോയതുമായി നടന്ന അന്വേഷണത്തിനൊടുവിലാണ് മഞ്ചേരിയില്‍ നിന്നു മോഷ്ടിച്ച ബൈക്കിനൊപ്പം ഇയാളെ വലയിലാക്കിയത്.
 
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി ഇയാള്‍ 10 വാഹനങ്ങള്‍ മോഷ്ടിച്ചതായി സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ ബൊലേറോ വാഹനങ്ങളാണു കൂടുതലും. ഇയാള്‍ക്കെതിരെ സംസ്ഥാനത്തൊട്ടാകെ 40 ലേറെ കേസുകളില്‍ വാറണ്ടുള്ളതായും പൊലീസ് അറിയിച്ചു.
 
മോഷ്ടിച്ച വാഹനങ്ങള്‍ എല്ലാം തന്നെ തമിഴ്നാട്ടിലെ ദിണ്ടിക്കലിലായിരുന്നു ഇയാള്‍ വിറ്റഴിച്ചത്. ഇടയ്ക്ക് വാഹന മോഷണ കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങി വ്യാജ പാസ്പോര്‍ട്ടുമായി വിദേശത്തേക്ക് കടന്നു. പിന്നീട് നാഗൂര്‍, ഏര്‍വാടി എന്നീ പ്രദേശങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. 
 
വീണ്ടും വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ മലപ്പുറം എസ്.പി വിജയന്‍, ഡി.വൈ.എസ്.പി ഷറഫുദ്ദീന്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം കൊണ്ടോട്ടി എസ്.ഐ. സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.  
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article