കൊല്ലം: എം.ഡി.എം.എ കടത്തലിലെ മുഖ്യകണ്ണികളിൽ ഒരാളായ സുഡാൻ സ്വദേശിയെ ബംഗളൂരുവിൽ നിന്ന് കൊല്ലം ഈസ്റ്റ് പോലീസ് സാഹസികമായി പിടികൂടി. റാമി ഇസുൽദിൻ ആദം അബ്ദുള്ള എന്ന 23 കാരനാണ് പോലീസ് പിടിയിലായത്.
അടുത്തിടെ കൊല്ലം ഈസ്റ്റ് പോലീസ് 75 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിന്റെ തുടർച്ചയായാണ് ഇയാളുടെ അറസ്റ്റിൽ കലാശിച്ചത്. ഇരവിപുരം സ്വദേശി ബാദുഷയെ (23) അടുത്തിടെ കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിനടുത്തു നിന്ന് എം.ഡി.എം.എ യുമായി പിടികൂടിയിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിലൂടെ ഇടനിലക്കാരി എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന ആഗ്നസ് എന്ന യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലഹരി മരുന്ന് മാഫിയ സംഘത്തിലെ പ്രധാനിയെ പിടികൂടിയത്.
ഇയാൾ വ്യാവസായിക അടിസ്ഥാനത്തിൽ മയക്കു മരുന്ന് ഇടനിലക്കാർ വഴിയും മറ്റും എനി സംസ്ഥാനങ്ങളിൽ എത്തിച്ചു യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വിതരണം ചെയ്യുന്നതാണ് രീതി. എ.സി.പി പ്രദീപിന്റെ നേത്യത്വത്തിലുള്ള പ്രത്യേക അന്വേഷ സംഘമാണ് പ്രതിയെ പിടികൂടിയത്.