കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതിയെ പാലക്കാട് നിന്ന് തമിഴ്നാട് പൊലീസ് പിടികൂടി

Webdunia
വ്യാഴം, 5 ജൂണ്‍ 2014 (09:12 IST)
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതിയായ  ഹൈദര്‍അലി(43)യെ പാലക്കാട്‌ നിന്നും തമിഴ്‌നാട്‌ പോലീസ്‌ പിടികൂടി. കോയമ്പത്തൂര്‍ ഉക്കടം സ്വദേശിയായ ഹൈദര്‍അലിയെ 20 വര്‍ഷമായി തമിഴ്നാട് പൊലീസ് തിരയുന്ന ആളായിരുന്നു.

തമിഴ്‌നാട്‌ പോലീസിലെ സിബിസിഐഡി സ്‌പെഷ്യല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ ഡിവിഷന്‍ പാലക്കാട്‌ നഗരത്തിനടുത്തുള്ള ഫ്‌ളാറ്റില്‍നിന്നാണ്‌ കഴിഞ്ഞ ദിവസം അതീവ രഹസ്യമായി ഹൈദര്‍അലിയെ അറസ്‌റ്റു ചെയ്‌തത്‌. കോയമ്പത്തൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

ആര്‍.എസ്‌.എസ്‌-ഹിന്ദുമുന്നണി നേതാക്കളെ വകവരുത്താന്‍ ഉദ്ദേശിച്ച്‌ 1989ല്‍ നടന്ന കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലും 1993ല്‍ ചെന്നൈയിലെ ആര്‍എസ്‌എസ്‌ ആസ്‌ഥാനത്തിന്‌ നേരെനടന്ന ആക്രമണത്തിലും ഹൈദര്‍അലി മുഖ്യപ്രതിയാണ്‌. മതതീവ്രവാദക്കേസുകളില്‍ പ്രതിയായി ഒളിവില്‍ പോയ ഹൈദര്‍അലി എട്ടുവര്‍ഷത്തോളം സൗദിയിലായിരുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി പാലക്കാട്‌ പള്ളിപ്പുറത്തെ ഫ്‌ളാറ്റില്‍ വ്യാജപ്പേരില്‍ അജ്ഞാത വാസം നടത്തിവരികെയാണ് ഇയാള്‍ പിടിയിലാകുന്നത്. ഉപജീവനത്തിനായി ഇയാള്‍ സുല്‍ത്താന്‍പേട്ടക്ക്‌ സമീപമുള്ള ഒരു കോംപ്ലക്‌സില്‍ ഒരു സ്‌ഥാപനവും നടത്തിയിരുന്നു.

എന്‍ജിനീയറായ ഹൈദര്‍അലി ബോംബ്‌ നിര്‍മാണത്തില്‍ വൈദഗ്‌ധ്യം നേടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മാത്രമല്ല നിരവധി ആയുധക്കടത്ത് കേസില്‍ ഇയാള്‍ പ്രതിയുമാണ്. ഇയാളുടെ സഹായി ആയിരുന്ന ഇമാംഅലി ബാംഗ്ലൂരില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. അന്ന്‌ പ്രഹരശേഷി കൂടിയ ആയുധങ്ങളാണ്‌ കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്നും പോലീസ്‌ കണ്ടെടുത്തത്‌. ഇമാംഅലി കഴിഞ്ഞിരുന്ന തിരുവനന്തപുരത്തെ വള്ളക്കടവില്‍ നിന്നും പാകിസ്‌ഥാന്‍ നിര്‍മ്മിത ആയുധം പിടിച്ചെടുത്തിരുന്നു.

തമിഴ്നാട് സംഘം ഹൈദറിനെ പിടികൂടി കൊണ്ടുപോയതിനു ശേഷമാണ് കേരളാ പൊലീസ് സംഭവം അറിയുന്നത്. ഇന്നലെ സംസ്‌ഥാന ഇന്റലിജന്‍സ്‌ വിഭാഗം പള്ളിപ്പുറത്തെ ഫ്‌ളാറ്റ്‌ പരിശോധിച്ചു. ഹൈദര്‍അലിയുടെ ഭാര്യയെന്ന്‌ അവകാശപ്പെട്ട ഒരു സ്‌ത്രീ മാത്രമാണ്‌ ഇവിടെ ഉണ്ടായിരുന്നത്‌. അടുത്തകാലത്ത്‌ ചെന്നൈയിലെ റെയില്‍വെ സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ടും തമിഴ്‌നാട്‌ പോലീസ്‌ കേരളത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു.

അരീക്കോട്‌ നടന്ന മതതീവ്രവാദ ക്യാമ്പില്‍ ഇയാള്‍ പരിശീലകനായി ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.