കൊച്ചി തുറമുഖത്തിന് പുതിയ മാനം നല്‍കുവാന്‍ കല്‍ക്കരി ടെര്‍മിനല്‍

Webdunia
ചൊവ്വ, 17 ജൂണ്‍ 2014 (12:06 IST)
കൊച്ചി തുറമുഖത്ത് സ്ഥാപിക്കാനുദ്ധേശിക്കുന്ന കല്‍ക്കരി ടെര്‍മിനലിനായുള്ള യോഗ്യതാപത്രം (റിക്വസ്റ്റ് ഫോര്‍ ക്വോളിഫിക്കേഷന്‍) വീണ്ടും ക്ഷണിച്ചു. കൊച്ചി തുറമുഖ ട്രസ്റ്റ് കഴിഞ്ഞ മാര്‍ച്ചില്‍ ടെന്‍ഡര്‍ വിളിച്ചിരുന്നു. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അദാനി ഗ്രൂപ്പ് മാത്രമാണ് പദ്ധതിക്കായി താത്പര്യം കാട്ടി മുന്നോട്ടു വന്നത്.

എന്നാല്‍ കമ്പനി പിന്മാറിയതാണ് ടെണ്ടര്‍ വീണ്ടും വിളിക്കാന്‍ കാരണമായത്. പദ്ധതിയ്ക്ക് 200 കോടി രൂപയാണ് തുറമുഖ ട്രസ്റ്റ് പ്രതീക്ഷിക്കുന്ന ചെലവ്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി കൂടി ലഭിച്ച കമ്പനികള്‍ക്കേ ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാന്‍ കഴിയൂ. അദാനി ഗ്രൂപ്പ് ഉള്‍പ്പെടെ ഇക്കുറി അഞ്ചോളം കമ്പനികള്‍ പദ്ധതിക്കായി മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷയെന്ന് തുറമുഖ ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു.

എറണാകുളം വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ മട്ടാഞ്ചേരി വാര്‍ഫിന് സമീപം പതിനാലര ഹെക്‌ടറില്‍ പ്രകൃതി സൗഹാര്‍ദ്ദ അന്തരീക്ഷത്തില്‍ പൂര്‍ണമായും യന്ത്രവത്കൃതമായ കല്‍ക്കരി ടെര്‍മിനലാണ് സ്ഥാപിക്കുക. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയാണ് തുറമുഖ ട്രസ്റ്റിന്റെ ലക്ഷ്യം.

ഐലന്‍ഡില്‍ നിലവിലുള്ള കല്‍ക്കരി ടെര്‍മിനലിന് പ്രതിവര്‍ഷം 1000 ടണ്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയേയുള്ളൂ. അത് പ്രതിവര്‍ഷം 42 ലക്ഷം ടണ്‍ ആക്കി മാറ്റാനാണ് ട്രസ്റ്റിന്റെ നീക്കം. എന്നാല്‍  ടെര്‍മിനലിന്റെ പൂര്‍ണ നിയന്ത്രണം തുറമുഖ ട്രസ്റ്റിന് തന്നെ ആയിരിക്കും. 30 വര്‍ഷത്തെ നടത്തിപ്പിനായുള്ള ലൈസന്‍സാണ് ടെന്‍ഡര്‍ നേടുന്ന കമ്പനിക്ക് ലഭിക്കുക.

അത്യാധുനിക സൗകര്യങ്ങളുള്ള കല്‍ക്കരി ടെര്‍മിനല്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് തുറമുഖ ട്രസ്റ്റ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് സാദ്ധ്യതാ പഠനം നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ സേലത്ത് കല്‍ക്കരി ആവശ്യമുള്ള സ്റ്റീല്‍, സിമെന്റ് കമ്പനികള്‍ ധാരാളമുള്ളത് പദ്ധതിക്ക് ഗുണം ചെയ്യുമെന്ന് പഠനം വിലയിരുത്തി. തൂത്തുക്കുടിയില്‍ കല്‍ക്കരി ടെര്‍മിനല്‍ ഉണ്ടെങ്കിലും അവിടെ നിന്ന് സേലത്തേക്കുള്ള ദൂരക്കൂടുതല്‍ കൊച്ചിയുടെ അനുകൂല ഘടകമാണ്. ചെന്നൈ തുറമുഖം കല്‍ക്കരി കൈകാര്യം ചെയ്യുന്ന നടപടികള്‍ അവസാനിപ്പിച്ചതും കൊച്ചിയ്‌ക്ക് ശുഭകരമാണ്.

ലോകത്ത് കല്‍ക്കരി വ്യാപാരം കൂടുതലും നടക്കുന്നത് ആഫ്രിക്ക - ഏഷ്യാ സമുദ്ര പാതയിലാണ്. പ്രധാന കല്‍ക്കരി വ്യാപാര പാതയ്‌ക്ക് ഏറെ അടുത്തുള്ള തുറമുഖമാണെന്നതും കൊച്ചി തുറമുഖ ട്രസ്റ്റ് ഗുണകരമായി കാണുന്നു. സൗത്ത് ആഫ്രിക്കയില്‍ നിന്ന് കല്‍ക്കരി വഹിക്കുന്ന കപ്പലുകളെയാണ് കൊച്ചി തുറമുഖ ട്രസ്റ്റ് പുതിയ ടെര്‍മിനല്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.