കലൂര്‍ സ്റ്റേഡിയത്തില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റു കൊച്ചിയിലെ റെനായ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃക്കാക്കര എംഎല്‍എ ഉമാ തോമസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഉമാ തോമസുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിച്ച് ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു. ദൃശ്യങ്ങളില്‍ നിന്ന് അപകടത്തിന്റെ തീവ്രത ബോധ്യപ്പെട്ടതായും നാടാകെ ഉമയ്ക്കൊപ്പം ചേര്‍ന്നുനിന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി കാണാന്‍ വന്നതില്‍ ഉമാ തോമസ് അതിയായ സന്തോഷവും കൃതജ്ഞതയും അറിയിച്ചു. അപകടം ഉണ്ടായ ഉടന്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രി വീണജോര്‍ജിന്റെ നേതൃത്വത്തില്‍ വിദഗ്ധ ചികിത്സയ്ക്ക് അടിയന്തിര നടപടികള്‍ സര്‍ക്കാര്‍തലത്തില്‍ സ്വീകരിച്ചതായി പിന്നീട് അറിഞ്ഞുവെന്നും ഉമ പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടു പൂര്‍ണ ആരോഗ്യം വീണ്ടെടുക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഉമാ തോമസിന്റെ മക്കളായ ഡോ. വിഷ്ണു, വിവേക് എന്നിവരുമായും ഡോക്ടര്‍മാരുമായും മുഖ്യമന്ത്രി സംസാരിച്ചു. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലും സി എന്‍ മോഹനനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.