കൊച്ചി മെട്രോ നിശ്ചയിച്ച സമയത്ത് പൂര്‍ത്തിയാക്കും; സര്‍ക്കാര്‍ 470 കോടി കടമെടുക്കുന്നു

Webdunia
ചൊവ്വ, 6 ജനുവരി 2015 (16:14 IST)
കൊച്ചി മെട്രോ റയില്‍ നിര്‍മ്മാണം നിശ്ചയിച്ച സമയത്ത് തന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റു ചെലവുകള്‍ക്കുമായി സര്‍ക്കാര്‍ 470 കോടി ബാങ്ക് വായ്പ എടുക്കാനും തീരുമാനമായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ സ്വീകരിച്ചത്.

റയില്‍ നിര്‍മാണത്തിനും സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റു ചെലവുകള്‍ക്കുമായി എടുക്കുന്ന 470 കോടിരൂപ പത്തു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ തന്നെ തിരിച്ചടയ്ക്കും. ആന്വിറ്റി അടിസ്ഥാനത്തില്‍ തിരിച്ചടയ്ക്കുന്ന രീതിയിലാണ് വായ്പ എടുക്കുന്നത്. ഇതിനായി ദേശസാല്‍കൃത ബാങ്കുകളുമായി ചര്‍ച്ച നടത്തി പലിശ നിരക്കിന് അന്തിമ രൂപം കൈക്കൊള്ളാനും യോഗത്തില്‍ തീരുമാനമായി. പദ്ധതിയുടെ ആദ്യ ഘട്ടം മുന്‍ നിശ്ചയിച്ച പ്രകാരം 2016 ജൂണില്‍ തന്നെ പൂര്‍ത്തിയാകും. സാമ്പത്തിക പ്രശ്നങ്ങള്‍ കൊണ്ട് കൊച്ചി മെട്രോയുടെ നിര്‍മാണം ഒരു മിനിറ്റു പോലും വൈകാനുള്ള സാഹചര്യം ഒരുക്കില്ലെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.

ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെയുള്ള ആദ്യ ഘട്ടത്തില്‍ ഇനി ഇടപ്പള്ളി, ചങ്ങമ്പുഴ, ലിസി ജംക്ഷന്‍, എംജി റോഡ് എന്നിവിടങ്ങളിലായി 0.733 ഹെക്ടര്‍ സ്ഥലം മാത്രമാണ് ഏറ്റെടുക്കേണ്ടത്. 33.904 ഹെക്ടര്‍ സ്ഥലം ആകെ വേണ്ടിയിരുന്നതില്‍ 33.171 ഹെക്ടറും ഏറ്റെടുത്തു കൈമാറിക്കഴിഞ്ഞു. മഹാരാജാസ് മുതല്‍ പേട്ട വരെയുള്ള രണ്ടാം ഘട്ടത്തില്‍ 6.506 ഹെക്ടര്‍ വേണ്ടിടത്ത് 3.009 ഹെക്ടര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും യോഗത്തില്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.