500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ; ജനങ്ങളുടെ ജീവനാണ് പരിഗണന നല്‍കിയതെന്നും അഴിമതി നടന്നിട്ടില്ലെന്നും കെകെ ശൈലജ
500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. ജനങ്ങളുടെ ജീവനാണ് പരിഗണന നല്‍കിയതെന്നും അഴിമതി നടന്നിട്ടില്ലെന്നും കെകെ ശൈലജ പറഞ്ഞു. ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. അമ്പതിനായിരം കിറ്റിന് ഓര്‍ഡര്‍ നല്‍കിയെങ്കിലും 15,000 കിറ്റുകള്‍ വാങ്ങിയപ്പോഴേക്കും വിലകുറഞ്ഞതായും അവര്‍ പറഞ്ഞു.
അതിനാല്‍ തന്നെ ബാക്കി കിറ്റുകള്‍ കുറഞ്ഞ വിലയ്ക്കാണ് വാങ്ങിയത്. അടിയന്തര സാഹചര്യത്തിലാണ് കിറ്റുകള്‍ വാങ്ങിയത്. ജനങ്ങളുടെ ജീവനാണ് കൂടുതല്‍ പരിഗണന നല്‍കിയതെന്നും മുന്‍മന്ത്രി വ്യക്തമാക്കി. കൂടാതെ ഇക്കാര്യങ്ങള്‍ ലോകായുക്തയെ ബോധ്യപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ കെ കെ ശൈലജ അടക്കം 9 പേര്‍ക്ക് ലോകായുക്ത കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു.