ഈ സാമ്പത്തിക വര്‍ഷം സംസ്ഥാന നികുതി വകുപ്പ് പിടികൂടിയത് 350 കിലോ സ്വര്‍ണ്ണം

സിആര്‍ രവിചന്ദ്രന്‍
ശനി, 28 മെയ് 2022 (16:05 IST)
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം 2021-22 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് നികുതി വെട്ടിച്ച് കടത്തിക്കൊണ്ട് വന്ന 350.71 കിലോഗ്രാം സ്വര്‍ണ്ണം. മതിയായ രേഖകള്‍ ഇല്ലാതെയും, അപൂര്‍ണ്ണവും, തെറ്റായതുമായ രേഖകള്‍ ഉപയോഗിച്ചു കടത്തിയ സ്വര്‍ണ്ണാഭരണങ്ങളാണ് പിടികൂടിയത്. ഇതുവഴി നികുതി, പിഴ  ഇനങ്ങളിലായി   14.62 കോടി രൂപ സര്‍ക്കാരിന് ലഭിച്ചു.
 
സ്വര്‍ണ്ണ വ്യാപാര മേഖലയിലെ നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി  ഇന്റലിജന്‍സ് വിഭാഗം  നടത്തിയ മികച്ച പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇത്രയും സ്വര്‍ണ്ണം പിടികൂടാന്‍ കഴിഞ്ഞത്.  വാഹന പരിശോധനയിലൂടെയും, ജൂവലറികള്‍, ഹാള്‍ മാര്‍ക്കിങ് സ്ഥാപനങ്ങള്‍,  സ്വര്‍ണ്ണാഭരണ നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവയുടെ സമീപവും നടത്തിയ പരിശോധനകളില്‍ നിന്നാണ് 306 കേസുകളിലായി ഇത്രയും സ്വര്‍ണ്ണം പിടികൂടിയത്. സ്വര്‍ണ്ണാഭരണങ്ങള്‍, ഉരുക്കിയ സ്വര്‍ണ്ണം, സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ തുടങ്ങിയ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. 2020-21 സാമ്പത്തിക വര്‍ഷം 133 കേസുകളില്‍ 87.37 കിലോ സ്വര്‍ണ്ണം പിടികൂടി 8.98 കോടി രൂപ വരുമാനം ഉണ്ടാക്കിയ സ്ഥാനത്താണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 350.71 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടുകയും 14.62 കോടി വരുമാനം നേടുകയും ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article