സ്‌കൂളുകളില്‍ താത്കാലിക ടീച്ചര്‍മാരെ നിയമിക്കേണ്ടത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന്; അതുവരെ പ്രാദേശിക അടിസ്ഥാനത്തില്‍ താത്കാലിക അധ്യാപകരെ പരിഗണിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി

സിആര്‍ രവിചന്ദ്രന്‍

ശനി, 28 മെയ് 2022 (08:26 IST)
സ്‌കൂളുകളില്‍ താല്‍ക്കാലിക ടീച്ചര്‍മാരെ നിയമിക്കേണ്ടത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തൃപ്പൂണിത്തുറയില്‍ സ്‌കൂള്‍ പ്രവേശനോത്സവ ഗാനം പ്രകാശനം ചെയ്തതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
 
സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നിര്‍ബന്ധിതമായി രക്ഷിതാക്കളില്‍ നിന്ന് പണപ്പിരിവ് പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളുടെ വികസനത്തിന് ഫണ്ട് നല്‍കാന്‍ താല്പര്യം ഉള്ളവര്‍ക്ക് നല്‍കാം.
 
സ്‌കൂള്‍ മാറ്റത്തിന് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികൃതര്‍ ഉപാധികള്‍ വെക്കരുത്. ട്രാന്‍സ്ഫര്‍ ആവശ്യമുള്ളവര്‍ക്ക് അത് നല്‍കണം. ഇക്കാര്യത്തില്‍ പരാതി ഉയരാത്ത വിധം സ്‌കൂളുകള്‍ കൈകാര്യം ചെയ്യണം. എയിഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി എസ് എസിക്ക് വിടാന്‍ ആലോചനയില്ലെന്നും മന്ത്രി വ്യക്തമാക്കി.
 
സ്‌കൂള്‍ പ്രവേശനോത്സവഗാനം മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു. പ്രശസ്ത കവിയും ഗാനരചയിതാവും മലയാളം മിഷന്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കടയാണ് ഗാനരചന നിര്‍വഹിച്ചത് . സംഗീതം നല്‍കിയിരിക്കുന്നത്  വിജയ് കരുണ്‍ ആണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാര ജേത്രി സിതാര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍