Kerala Weather: മഴ കുറയുന്നില്ല ! വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

രേണുക വേണു
വെള്ളി, 24 മെയ് 2024 (08:39 IST)
Kerala Weather: സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഉള്ള സാധ്യതയാണ് ഉള്ളത്. 
 
അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
 
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യുനമര്‍ദ്ദം ( Low Pressure  Area)  മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തികൂടിയ ന്യുനമര്‍ദ്ദമായി മാറി. തുടര്‍ന്ന് വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിച്ചു മെയ് 24 ഓടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുനമര്‍ദ്ദമായും (Depression )  ശക്തി പ്രാപിക്കാന്‍ സാധ്യത. മെയ് 25 ന് രാവിലെയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായും തുടര്‍ന്ന് ബംഗ്ലാദേശ് - സമീപ പശ്ചിമ ബംഗാള്‍ തീരത്ത് തീവ്ര ചുഴലിക്കാറ്റായി മെയ് 26 നു വൈകിട്ടോടെ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article