ലോക്ക്ഡൗണ്‍ പിന്‍വലിക്കണോ? രണ്ട് അഭിപ്രായം, ഇനിയുള്ള ദിവസം നിര്‍ണായകം

Webdunia
ബുധന്‍, 26 മെയ് 2021 (17:06 IST)
ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ രണ്ട് അഭിപ്രായം. ഇനിയും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, ലോക്ക്ഡൗണ്‍ ഇനിയും നീട്ടിയാല്‍ അത് ജനജീവിതം ദുസഹമാക്കുമെന്നാണ് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാട്. മേയ് 30 ന് ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍, ജൂണ്‍ എട്ട് വരെ കൂടി ലോക്ക്ഡൗണ്‍ നീട്ടി സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്തകയാണ് വേണ്ടതെന്ന  മറ്റൊരു അഭിപ്രായവും രൂപപ്പെട്ടിട്ടുണ്ട്. 

കേരളത്തിലെ കോവിഡ് സ്ഥിതി മെച്ചപ്പെടാന്‍ രണ്ടുമൂന്നാഴ്ചകള്‍ വേണ്ടിവരുമെന്ന് വിലയിരുത്തല്‍. ആശുപത്രികളില്‍ തിരക്ക് കുറയ്ക്കുന്നതിനും മരണസംഖ്യ കുറയ്ക്കുന്നതിനും രണ്ടുമൂന്നാഴ്ചകള്‍ വേണ്ടിവരുമെന്നാണ് സര്‍ക്കാരും ആരോഗ്യവകുപ്പും വിലയിരുത്തുന്നത്. സംസ്ഥാനത്ത് തോവിഡ് മരണസംഖ്യ ഉയരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു വിലയിരുത്തല്‍. പത്ത് ദിവസം മുന്‍പ് 91 ശതമാനം ആളുകളെ വീടുകളിലും ഒന്‍പത് ശതമാനം ആളുകളെ ആശുപത്രിയിലുമാണ് ചികിത്സിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സിക്കുന്നവരുടെ എണ്ണം 14 ശതമാനമായി ഉയര്‍ന്നു. ആശുപത്രികളിലെ തിരക്ക് കുറയാനും രോഗികളുടെ എണ്ണം താഴാനും രണ്ടുമൂന്നാഴ്ച വേണ്ടിവരുമെന്നാണ് നിലവിലെ അനുമാനം. ലോക്ക്ഡൗണ്‍ കൊണ്ട് പ്രയോജനമുണ്ടായിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞിട്ടുണ്ട്. എന്നാല്‍, സ്ഥിതിഗതികള്‍ കൂടുതല്‍ മെച്ചപ്പെടാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. മേയ് 30 ന് ശേഷം ലോക്ക്ഡൗണ്‍ ഒരു ആഴ്ച കൂടി നീട്ടണോ എന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലാണ്. 

മേയ് 28 വരെയുള്ള ദിവസങ്ങളിലെ രോഗവ്യാപനം ആരോഗ്യവകുപ്പും സര്‍ക്കാരും കണക്കിലെടുക്കും. അടുത്ത രണ്ട് ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞാല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കും. അല്ലാത്തപക്ഷം ലോക്ക്ഡൗണ്‍ ജൂണ്‍ എട്ട് വരെ നീട്ടാനാണ് സാധ്യത. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി കുറയ്ക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. ഇപ്പോള്‍ ഓരോ വിഭാഗത്തിനായി ആഴ്ചയില്‍ രണ്ടും മൂന്നും ദിവസം ഇളവ് അനുവദിക്കുന്ന വിധത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറച്ചുകൊണ്ടുവരാനാണ് കൂടുതല്‍ സാധ്യത.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article