ഓപ്പറേഷന്‍ മത്സ്യ വന്നതിനുപിന്നാലെ മീനിലെ മായം കുറഞ്ഞു; ഇന്നലെ നടത്തിയത് 106 പരിശോധനകള്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 26 ഏപ്രില്‍ 2022 (09:05 IST)
തിരുവനന്തപുരം: മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച 'ഓപ്പറേഷന്‍ മത്സ്യ'യിലൂടെ സംസ്ഥാന വ്യാപകമായി ഇന്ന് 106 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചെറുകിട കച്ചവടക്കാരടക്കമുളള മത്സ്യ വില്‍പ്പന കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. പരിശോധനയുടെ ഭാഗമായി 34 മത്സ്യ സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്കായി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിലെ ലാബുകളിലേക്ക് അയച്ചു. ഇതുകൂടാതെ മത്സ്യത്തിന്റെ ഒരു സ്റ്റാറ്റിയൂട്ടറി സാമ്പിളും എറണാകുളം ജില്ലയില്‍ നിന്നും ഭക്ഷ്യസുരക്ഷാ വകുപ്പിലെ ലാബിലേക്ക് അയയ്ക്കുകയും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാതെ കണ്ടെത്തിയ 14 കിലോഗ്രാം മത്സ്യം നശിപ്പിക്കുകയും ചെയ്തു. ഓപ്പറേഷന്‍ മത്സ്യ ശക്തിപ്പെടുത്തിയതോടെ പഴകിയതും രാസവസ്തുക്കള്‍ കലര്‍ത്തിയതുമായ മത്സ്യത്തിന്റെ വരവില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
 
ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് ജില്ലകളില്‍ പരിശോധന നടത്തിയത്. ഇതുവരെ നടന്ന പരിശോധനകളുടെ ഭാഗമായി 3645.88 കിലോ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. പ്രധാന ചെക്ക് പോസ്റ്റുകള്‍, ഹാര്‍ബറുകള്‍ മത്സ്യ വിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 1842 പരിശോധനയില്‍ 1029 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിലേക്ക് അയയ്ക്കുകയും ചെയ്തു. റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയ 590 പരിശോധനയില്‍ 9 സാമ്പിളുകളില്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍