ലിറ്ററിന് അഞ്ഞൂറും കടന്ന് വെളിച്ചെണ്ണ വില, ഓണം ആഘോഷിക്കാൻ മലയാളി ലോണെടുക്കേണ്ട അവസ്ഥ, വിപണിയിൽ ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി
സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിലെ കുതിപ്പ് തുടരുന്നു. ചില്ലറ വിപണിയില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വില 525ന് മുകളിലെത്തി. ഓണം അടുത്തെത്താറായ സാഹചര്യത്തില്‍ വെളിച്ചെണ്ണ വില ഇനിയും ഉയരുമെന്ന് റിപ്പോര്‍ട്ട് ഓരോ മലയാളി കുടുംബങ്ങളുടെയും ബജറ്റിനെ തന്നെ താളം തെറ്റിക്കുമെന്ന ആശങ്കയിലാണ് വീട്ടമ്മമാര്‍. അതേസമയം കുതിച്ചുയരുന്ന വെളിച്ചെണ്ണ വില നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെടല്‍ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ന്യായവിലയ്ക്ക് സപ്ലൈക്കോ വഴി വെളിച്ചെണ്ണ ലഭ്യമാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വില എല്ലാ ഭാഗങ്ങളിലും കുതിച്ചുയരുകയാണ്. കഴിഞ്ഞ മാസം 277 രൂപയ്ക്ക് നല്‍കിയ വെളിച്ചെണ്ണ ഈ മാസം 321 രൂപയ്ക്കാണ് നല്‍കുന്നത്. സ്റ്റോക്ക് പരിമിതമാണ്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള വെളിച്ചെണ്ണ കേരളത്തിലെ വിപണിയില്‍ വില്‍ക്കാനുള്ള സാഹചര്യം ഒരുക്കാനായാണ് ശ്രമിക്കുന്നത്. ഓണവിപണിയില്‍ വെളിച്ചെണ്ണ സപ്ലൈക്കോ ഔട്ട്ലറ്റില്‍ ന്യായവിലയ്ക്ക് ലഭ്യമാക്കും. മറ്റ് സംസ്ഥാനങ്ങളിലെ ഭക്ഷ്യമന്ത്രിമാരുമായി ഇക്കാര്യത്തില്‍ കൂടിക്കാഴ്ച നടത്തുമെന്നും ജി ആര്‍ അനില്‍ പറഞ്ഞു.