പ്രളയദുരന്തത്തിന്റെ ഭാഗമായി ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും അനുയോജ്യമായ ഒരു പദ്ധതി തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. തിരുവനന്തപുരത്ത് ഇന്ന് രാവിലെ ചേർന്ന് മന്ത്രിസഭ യോഗത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്.
ദുരിതാശ്വാസ ക്യാമ്പുകളിൽ സുരക്ഷയൊരുക്കും. ക്യാമ്പുകളിൽ പിരിവ് വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകളിൽ പോയി കുടിശിക ഈടാക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഈ മാസം 30ന് പ്രത്യേക നിയമസഭ സമ്മേളനം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
‘രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഉള്ളവരെ പോലെ തന്നെ ഗൾഫിലുള്ളവരും നമ്മളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. പലരും സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. യു എ ഇ ഗവണ്മെന്റ് കേരളത്തെ സഹായിക്കാൻ തയ്യാറാണ്. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. 700 കോടി രൂപയാണ് കേരളത്തിനെ സഹായിക്കാൻ യു എ ഇ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിൽ യു എ ഇ ഭരണാധികാരികളോട് നന്ദി അറിയിക്കുകയാണ്’- മുഖ്യമന്ത്രി പറഞ്ഞു.