ജർമ്മൻ യാത്ര; സംഭവിച്ചത് തെറ്റ് തന്നെ, മന്ത്രിയുടെ നിലപാട് തള്ളി സിപിഐ, ചുമതല പി തിലോത്തമന് കൈമാറിയത് മുഖ്യമന്ത്രി അറിയാതെ
അതേസമയം, വിദേശ യാത്രയ്ക്ക് പോകുന്നതിനായി തന്റെ വകുപ്പ് കെ തിലോത്തമന് കൈമാറിയതാണ് കൂടുതല്‍ വിവാദമായിരിക്കുന്നത്. മുഖ്യമന്ത്രി അറിയാതെ സ്വന്തം ലെറ്റര്‍ പാഡിലാണ് വകുപ്പ് ചുമതല തിലോത്തമന് കൈമാറിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് അറിവ് ലഭിച്ചിരുന്നില്ല. പൊതുഭരണ വകുപ്പ് ഉത്തരവിറക്കണമെന്ന ചട്ടം ഇക്കാര്യത്തില്‍ പാലിക്കപ്പെട്ടിട്ടില്ല.
അതേസമയം, സിപിഐ മുതിര്‍ന്ന നേതാക്കള്‍ മന്ത്രിയുടെ വിദേശ പര്യടനത്തില്‍ അതൃപ്തി അറിയിച്ചു. ഇങ്ങനെയൊരു സമയത്ത് മന്ത്രി വിദേശത്തേക്ക് പോകരുതായിരുന്നു എന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായിത്തന്നെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെ രാജു നല്‍കിയ വിശദീകരണം സിപിഐ മുഖവിലയ്‌ക്കെടുത്തില്ല. പാര്‍ട്ടിയും മുഖ്യമന്ത്രിയും അനുമതി നല്‍കിയതിന് ശേഷമാണ് താന്‍ ജര്‍മനിയിലേക്ക് തിരച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം.
ഒരു മാസം മുമ്പാണു വിദേശയാത്രയ്ക്കുള്ള അനുമതി രാജു തേടിയത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു നൽകിയ കത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നിര്‍വാഹകസമിതി അനുവാദം നല്‍കി. എന്നാൽ അദ്ദേഹം വിദേശത്തേക്ക് പോയത് താൻ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. അടുത്ത മാസം ചേരുന്ന സിപിഐ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.