മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

അഭിറാം മനോഹർ

വ്യാഴം, 22 മെയ് 2025 (17:18 IST)
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴയും വെള്ളക്കെട്ടും കാരണം പനിബാധിതരുടെ എണ്ണം ഉയരുന്നു. കാലവര്‍ഷം അടുത്തതിനാല്‍ മഴക്കാലമെന്നാല്‍ കേരളത്തിന് രോഗങ്ങളുടെ കാലം കൂടിയാണ്. മഴക്കാലത്തെ അസുഖങ്ങളായ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കൊപ്പം കൊവിഡും ഇത്തവണ തലപ്പൊക്കിയിട്ടുണ്ട് എന്നതിനാല്‍ മഴക്കാലത്ത് പ്രത്യേകമായ ശ്രദ്ധ ആവശ്യമാണ്.
 
ഡെങ്കിപ്പനിക്ക് ദിവസവും മുന്നൂറിലധികം പേര്‍ സംസ്ഥാനത്ത് ചികിത്സ തേടുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. ഈ വര്‍ഷം 15 പേര്‍ക്ക് ഡെങ്കി ബാധിച്ച് ജീവന്‍ നഷ്ടമായിട്ടുണ്ട്. പാലക്കാട്, കൊല്ലം, കോഴിക്കോട് ജില്ലകളിലാണ് രോഗബാധിതര്‍ ഏറെയും. അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധയും ഉയരുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കേരളത്ത്‌ല് 95 പേര്‍ക്ക് കൊവിദ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വാക്‌സിനേഷന്‍ കാര്യമായി നടന്നതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ല.
 
 എന്നാല്‍ ഡെങ്കി, എലിപ്പനി ബാധിതര്‍ക്കൊപ്പം കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് കേരളത്തിന്റെ ആരോഗ്യസംവിധാനത്തെ ബാധിക്കും. അതിനാല്‍ സംശയമുള്ള ആളുകള്‍ ടെസ്റ്റുകള്‍ നടത്തണമെന്ന് നിര്‍ദേശമുണ്ട്. കൊവിഡ് ബാധിതരുടെ സാമ്പിളുകള്‍ പരിശോധിച്ച് വൈറസിന്റെ ജനിതകവ്യത്യാസമുള്‍പ്പടെ പരിശോധിക്കും. ഒമിക്രോണ്‍ വൈറസിന്റെ ഉപവകഭേദമായ ജെ എന്‍ വണ്‍ സിങ്കപ്പൂരില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ തീരുമാനം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍