എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 22 മെയ് 2025 (16:32 IST)
gokul
എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് ഇന്ന് രാവിലെയാണ് ഗോകുല്‍ ഗോപിനാഥ് അംഗത്വം സ്വീകരിച്ചത്. 2022 ല്‍ ഡിസംബറില്‍ ജില്ലാ സെക്രട്ടറിയായിരിക്കെ കോളേജ് വളപ്പില്‍ മദ്യപിച്ച് നൃത്തം ചെയ്ത സംഭവത്തില്‍ ഗോകുലിനെ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം പുറത്താക്കിയിരുന്നു.
 
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2016ലെ തെരഞ്ഞെടുപ്പില്‍ എകെജി സെന്ററിലെ എല്‍ഡിഎഫിന്റെ വാര്‍റൂം ഇന്‍ചാര്‍ജ് ഗോകുലിനായിരുന്നു. ഗോകുല്‍ 2021ല്‍ എസ്എഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായി. എസ്എഫ്‌ഐയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗമായും പ്രവര്‍ത്തിച്ചു. 'കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തിലാണ് ഞാന്‍ ജനിച്ചത്. ബിജെപിയെ ഇഷ്ടമായതുകൊണ്ട് കൂടുതല്‍ ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പവര്‍ ക്ലസ്റ്ററിന്റെ ഭാഗമായില്ലെങ്കില്‍ അവിടെ നിലനില്‍പ്പില്ല. ഇന്ന് സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമില്ല. സന്തോഷത്തിനായി സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്തതിനാണ് എന്നെ വ്യക്തിഹത്യ ചെയ്തത്'- ഗോകുല്‍ പറഞ്ഞു.
 
കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ഷൈന്‍ ലാല്‍ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍