കടം വാങ്ങിയും നാടിനെ രക്ഷിക്കുമെന്ന് ധനമന്ത്രി, ബജറ്റില്‍ കേന്ദ്രത്തിനു രൂക്ഷ വിമര്‍ശനം, പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 10 കോടി

Webdunia
വെള്ളി, 4 ജൂണ്‍ 2021 (10:51 IST)
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ഒരു മണിക്കൂര്‍ ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ബജറ്റായിരുന്നു ബാലഗോപാല്‍ അവതരിപ്പിച്ചത്. കടം വാങ്ങിയും നാടിനെ രക്ഷിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കി. 
 
ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയായിരുന്നു ബജറ്റ്. കോവിഡ് പ്രതിസന്ധി നേരിടാന്‍ രണ്ടാം പാക്കേജ് പ്രഖ്യാപിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2800 കോടി. 8900 കോടി നേരിട്ട് ഉപജീവനം പ്രതിസന്ധിയിലായര്‍ക്ക്, 2800 കോടി പലിശ സബ്‌സിഡി നല്‍കും. 
 
പ്രവാസികള്‍ക്ക് വിവിധ ക്ഷേമ പദ്ധതികള്‍ക്കായി ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയര്‍ത്തി. കോവിഡ് പശ്ചാത്തലത്തില്‍ പുതിയ നികുതി നിര്‍ദേശമില്ല. സംസ്ഥാന ജി.എസ്.ടി. നിയമത്തില്‍ ഭേദഗതി വരുത്തും. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംരഭകത്വ വികസനത്തിനായി പത്ത് കോടി. ഈ വിഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 100 പേര്‍ക്ക് പത്ത് ലക്ഷം രൂപവച്ചാണ് സംരഭങ്ങള്‍ തുടങ്ങാന്‍ അനുവദിക്കുക. 
 
ടൂറിസം പുനരുജ്ജീവനത്തിന് 30 കോടി. മലബാറില്‍ പ്രത്യേക ടൂറിസം സര്‍ക്യൂട്ട് ആരംഭിക്കും. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 10 കോടി രൂപ അനുവദിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ പുനര്‍നിര്‍മാണത്തിനു പ്രത്യേക കമ്മീഷന്‍. വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിനു കൂടുതല്‍ ശ്രദ്ധ. അതിനായി സാമൂഹ്യ ആരോഗ്യ സമിതി. കുട്ടികള്‍ക്ക് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സംവിധാനം. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് രണ്ട് ലക്ഷം ലാപ്‌ടോപ്പുകള്‍ നല്‍കുന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. വെര്‍ച്വല്‍, ഓഗ്മെന്റ് റിയാലിറ്റി സാങ്കേതികതകള്‍ പ്രയോജനപ്പെടുത്തി പൊതു ഓണ്‍ലൈന്‍ പഠന സംവിധാനത്തിന് 10 കോടി. കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിന് വിക്ടേഴ്‌സ് ചാനലിലൂടെ സൃഷ്ടികള്‍ സംപ്രേഷണം ചെയ്യും. പൊതു ഓണ്‍ലൈന്‍ അധ്യായന സംവിധാനത്തിന് 10 കോടി. കുട്ടികള്‍ക്ക് ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിങ് സംവിധാനം. 
 
കുടുംബശ്രീക്ക് 1000 കോടി രൂപയുടെ വായ്പ പദ്ധതി. പഴം, പച്ചക്കറി, മാംസ സംസ്‌കരണ കേന്ദ്രങ്ങള്‍ ആരംഭിക്കും. വാക്‌സിന്‍ ഉത്പാദന യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും വാക്‌സിന്‍ ഗവേഷണത്തിനും 10 കോടി. പുതിയ ഓക്‌സിജന്‍ പ്ലാന്റ് തുടങ്ങും. കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യം. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ ലഭ്യമാക്കാന്‍ 1000 കോടി രൂപ. കോവിഡ് ചികിത്സാ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 500 കോടി. 
 
ബജറ്റില്‍ കേന്ദ്ര സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം. കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം കോര്‍പറേറ്റ് കൊള്ളയ്ക്ക് അവസരം നല്‍കി. പൊതുജനാരോഗ്യ സംരക്ഷണത്തില്‍ നിന്ന് കേന്ദ്രത്തിനെ പോലെ സംസ്ഥാന സര്‍ക്കാര്‍ ഒഴിഞ്ഞു മാറില്ല.ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article