സംസ്ഥാന ബജറ്റ് ധനമന്ത്രി ടി എം തോമസ് ഐസകിന്റെ 11-ആം ബജറ്റ് പല കാരണങ്ങൾ കൊണ്ട് വ്യത്യസ്തമായിരുന്നു. അതിലെ ഏറ്റവും പ്രധാനപ്പെട്ടത്, ബജറ്റിന്റെ കവർ ചിത്രമാണ്. പ്രശസ്ത പെയിന്ററും ഇല്ലസ്ട്രേറ്ററുമൊക്കെയായ ടോം വട്ടക്കുഴിയുടെ ഗാന്ധിഹിംസ എന്ന ചിത്രമാണ് ഇത്തവണ ബജറ്റിന്റെ കവർ ചിത്രമായി ഉപയോഗിച്ചത്.
ചിത്രം ഉപയോഗിക്കാൻ അനുമതി നൽകിയതിന് ടോമിന് ധനമന്ത്രി തോമസ് ഐസക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. നേരത്തേ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ സോഷ്യൽ മീഡിയകളിൽ പങ്കു വെച്ചിരുന്ന ചിത്രമാണിത്. മഹാത്മാവിന്റെ അവസാന നിമിഷങ്ങളെ അനുസ്മരിപ്പിക്കുന്ന, ഗാന്ധിജി വെടിയേറ്റ് കിടക്കുന്ന ചിത്രം വരച്ചത് മലയാളിയായ ടോം വട്ടക്കുഴി ആണ്.
കനയ്യ കുമാര്‍ അടക്കം നിരവധി വിദ്യാര്‍ത്ഥി നേതാക്കളും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ഗാന്ധിജിയുടെ രക്തസാക്ഷി ദിനം പ്രമാണിച്ച് അവരുടെ ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകളില്‍ ഈ ചിത്രം പങ്കുവെച്ചിരുന്നു. ചരിത്രത്തിന്റെ താളുകളില്‍ മതവര്‍ഗീയ രാഷ്ട്രീയത്തിന്റെ രക്തസാക്ഷിത്വമായി ഒരു തീരാവേദനയായി ഇന്ത്യ ചരിത്രത്തില്‍ നിലകൊള്ളുന്ന സംഭവമാണ് ടോം പുനരാവിഷ്‌കരിച്ചത്. അതിനെയാണ് അങ്ങേയറ്റം ആദരവോട് കൂടി തോമസ് ഐസക് തന്റെ ബജറ്റിന്റെ കവർ ചിത്രമായി ഉൾപ്പെടുത്തിയത്.