കൊമ്പന്മാര്‍ക്ക് മദം പൊട്ടി‍യെന്ന് ആരാധകര്‍; അതെന്താ ഇനി കളിയില്ലേ എന്ന് വിമര്‍ശകര്‍

Webdunia
വ്യാഴം, 5 നവം‌ബര്‍ 2015 (16:19 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അപ്രതീക്ഷിത തിരിച്ചുവരവായിരുന്നു കഴിഞ്ഞദിവസം കണ്ടത്. പോയിന്റ് നിലയില്‍ ഏറ്റവും അവസാനമായിരുന്ന ബ്ലാസ്റ്റേഴ്സ് ഒന്നാമതായിരുന്ന പുനെ എഫ് സിയെ രണ്ടു ഗോളുകള്‍ക്ക് തോല്‌പിച്ചാണ് കളിയിലേക്കുള്ള തിരിച്ചുവരവ് അറിയിച്ചത്. ഏതായാലും തുടര്‍ച്ചയായി തോല്‍വികള്‍ സംഭവിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സിനെ വലിച്ചുകീറിയ നവമാധ്യമങ്ങള്‍ അടിപൊളി വിജയം നേടിയപ്പോള്‍ അഭിനന്ദനം കൊണ്ട് മൂടാനും മറന്നില്ല.
 
കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ മാത്രമല്ല കമന്റേറ്റര്‍ ഷൈജു ദാമോദരനും ട്രോളന്മാരുടെ കലാവിരുന്നിന് ഇരയായി. ബ്ലാസ്റ്റേഴ്സിന്റെ കളി കണ്ട് ആരാധകര്‍ക്കൊപ്പം ആവേശം മൂത്ത് കമന്ററി പറഞ്ഞ ഷൈജുവിന്റെ തൊണ്ട തകര്‍ന്നു പോയിട്ടുണ്ടാകും എന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
 
പുനെ ഗോള്‍മുഖത്തേക്ക് ഇരച്ചു കയറുകയായിരുന്നു ഇന്നലെ ബ്ലാസ്റ്റേഴ്സ്. അതുകൊണ്ടു തന്നെ ക്ഷീണിതനായ പുനെ ഗോളിയും വിശ്രമത്തിലായ ബ്ലാസ്റ്റേഴ്സ് ഗോളിയും ട്രോളന്മാര്‍ക്ക് നല്ലൊരു ഇരയായി. ബ്ലാസ്റ്റേഴ്സിന്റെ കളി കണ്ടതിനു ശേഷം ഉറങ്ങാന്‍ കിടക്കുന്ന ആരാധകരുടെ ഭാവനയും ഇന്ന് ട്രോളുകളായി. തുടര്‍ച്ചയായ തോല്‍വിയെ തുടര്‍ന്ന് കോച്ച് സ്ഥാനം ഉപേക്ഷിച്ചു പോയ പീറ്റര്‍ ടെയ്‌ലറും പുതിയ കോച്ച് ടെറി ഫെലാനും ഭാവവ്യത്യാസങ്ങള്‍ കൊണ്ട് നവമാധ്യമങ്ങളില്‍ നിറഞ്ഞു.