പൂവാലൻമാരെ തേടിയെത്തിയ പൊലീസ് പതിനേഴുകാരെന വളഞ്ഞിട്ടടിച്ചു; ദേഹമാസകലം പരുക്കുകളേറ്റ വിദ്യാർഥി ആശുപത്രിയില്‍

Webdunia
ബുധന്‍, 14 ജൂണ്‍ 2017 (20:29 IST)
കായംകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പൊലീസിന്റെ മര്‍ദ്ദനം. പൂവാലന്‍മാരെ തേടിയിറങ്ങിയ പൊലീസ് വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങിയ വിദ്യാര്‍ഥിയെ വളഞ്ഞിട്ടടിക്കുകയായിരുന്നു. കായംകുളം ഫാത്തിമ മന്‍സില്‍ അബ്ദുള്‍ സമദിന്റെ മകന്‍ അംജദിനാണ് (17) മര്‍ദ്ദനമേറ്റത്. മര്‍ദ്ദിച്ച എസ്ഐ കെ.മഞ്ജുദാസിനെ എആര്‍ ക്യാംപിലേയ്ക്കു മാറ്റി.

വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങി വന്ന അംജദിനെ പൊലീസ് ലാത്തികൊണ്ട് അടിക്കുകയും ബൂട്ടിട്ട് ചവിട്ടുകയുമായിരുന്നു. വീട്ടുകാരും നാട്ടുകാരുമെത്തി തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ദേഹമാസകലം പരുക്കുകളേറ്റ്  അവശനായ വിദ്യാര്‍ഥിയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊലീസിന്റെ ആക്രമത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ സ്‌റ്റേഷനില്‍ എത്തുകയും ഡിവൈഎസ്പിയെ തടഞ്ഞുവയ്‌ക്കുകയും ചെയ്‌തു. സംഭവത്തില്‍ അന്വേഷണം നടത്താമെന്ന് ഡിവൈഎസ്പി ഉറപ്പുനല്‍കിയതോടെയാണ് ഇവര്‍ പിരിഞ്ഞു പോയത്.

കുട്ടിയുടെ മാതാപിതാക്കള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആലപ്പുഴ എസ്പി കായംകുളം ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടു.
Next Article