മൊഴിയെടുക്കാന്‍ പോയത് പ്രതിയുടെ വാഹനത്തില്‍; വെള്ളാപ്പള്ളി കോളെജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Webdunia
തിങ്കള്‍, 10 ഏപ്രില്‍ 2017 (12:46 IST)
വെള്ളാപ്പളളി കോളെജ് ഓഫ് എഞ്ചിനീയറിങില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കോളെജ് ചെയര്‍മാന്റെ കാറില്‍ മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ സതീഷ്‌കുമാര്‍, രതീഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. 
 
വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് കോളെജ് മാനെജരും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ സുഭാഷ് വാസുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇടിമുറിയുടെ പേരില്‍ പ്രശസ്തമായ വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറില്‍ കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചത്. മാനേജ്‌മെന്റ് പീഡനത്തെത്തുടര്‍ന്നാണ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം സ്വദേശിയായ ആര്‍ഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 
 
കാന്റീനിലെ ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടതിനാണ് ആര്‍ഷിനെ മാനെജ്മെന്റ് ഭീഷണിപ്പെടുത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥിയെ പുറത്താക്കാനും കോളെജ് അധികൃതര്‍ ശ്രമിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. വീട്ടില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും അപകീര്‍ത്തികരമായ കാര്യങ്ങള്‍ മാനെജ്മെന്റ് പ്രചരിപ്പിച്ചതായും ആരോപണമുണ്ട്.
Next Article