കണ്ണൂര്‍ അശാന്തിയിലേക്ക്, പെരളശ്ശേരിയില്‍ ബോംബെറിഞ്ഞു

Webdunia
ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (12:10 IST)
കതിരൂരില്‍ ആര്‍എസ്എസ് നേതാവ് കെ മനോജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പെരളശ്ശേരിയയിലും മൂന്നു പെരിയയിലും ബൈക്കിലെത്തിയസംഘങ്ങള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല.

ഹര്‍ത്താലില്‍ അക്രമണമുണ്ടാകാതിരിക്കാന്‍ കതിരൂര്‍ അടക്കം കണ്ണൂര്‍ ജില്ലയില്‍ പലയിടത്തും വന്‍പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിപി‌എമ്മിന്റെ ശക്തികേന്ദ്രമെന്ന് കരുതുന്ന സ്ഥലമാണ് ബോംബേറ് നടന്ന പെരളശ്ശേരി. ഭീതി പടര്‍ത്താനായി ബോംബെറിഞ്ഞതാകാനാണ് സാധ്യതയെന്നാണ് പൊലീസ് കരുതുന്നത്.

കൊലപാതകത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സംസ്ഥാന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട മനോജിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കതിരൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ചിരിക്കുകയാണ്. സംസ്‌കാരം ഉച്ചക്ക് ശേഷം വീട്ടുവളപ്പില്‍ നടക്കും.

അതേ സമയം ഇത് സിപി‌എമ്മിന്റെ ആശയ പാപ്പരത്തമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം അക്രമങ്ങളേ ജനാധിപത്യപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.