മലേഷ്യയിൽ നിന്നുമെത്തി ചികിത്സയിലായിരുന്ന പയ്യന്നൂർ സ്വദേശി മരിച്ചു; കൊറോണയെന്ന് സംശയം, ഫലം ഉടൻ

ചിപ്പി പീലിപ്പോസ്

ശനി, 29 ഫെബ്രുവരി 2020 (09:26 IST)
കൊറോണ രോഗലക്ഷണങ്ങളോടെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂരിലെ പയ്യന്നൂർ സ്വദേശി ജെയ്നേഷ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു മരണം. മലേഷ്യയിൽ നിന്നുമെത്തിയ ജെയ്നേഷ് ശാരീരിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കുകയും ഉടൻ തന്നെ ചികിത്സതേടുകയുമായിരുന്നു.
 
അഞ്ചു ദിവസമായി പനിയും ശ്വാസ തടസവും അനുഭവപ്പെടുന്നുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി ഒരു മണിക്ക് കൊച്ചിയിൽ വിമാനമിറങ്ങിയശേഷം പരിശോധനയ്ക്കു വിധേയനാകുകയായിരുന്നു. തുടർന്ന് അവിടുന്ന് മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു. വൈറൽ ന്യുമോണിയ ബാധിച്ചതിനെ തുടർന്നായിരുന്നു വെന്റിലേറ്ററിലേക്ക് മാറ്റിയത്.
 
ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇദ്ദേഹത്തിന്റെ ആദ്യ സാംപിളിൽ നടത്തിയ പരിശോധനയിൽ കൊറോണ വൈറസ് ബാധയില്ലെന്നായിരുന്നു സ്ഥിരീകരിച്ചിരുന്നത്. രണ്ടാമത് അയച്ച സാമ്പിളിന്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. 
 
അതേസമയം, കൊറോണ വൈറസ് ആശങ്ക കേരളത്തില്‍ നിന്നും അകന്നുവെങ്കിലും ജാഗ്രത തുടരുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇനിയും കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍