കണ്ണൂര്‍ ജില്ലയിൽ വോട്ടിങ് പുരോഗമിക്കുന്നതിനിടെ കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാനൂർ മുതിയങ്ങ ശങ്കരവിലാസം സ്കൂളിലാണ് സംഭവം. പ്രിസൈഡിങ് ഓഫിസറുടെ പരാതിയെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ചെറുതാഴം സ്കൂളിൽ തിരിച്ചറിയൽ രേഖയെ ചൊല്ലി കേന്ദ്രസേനയും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷം. മൂന്ന് സിപിഎം പ്രവർത്തകർക്കു മർദനമേറ്റതായി പരാതി ഉയർന്നിട്ടുണ്ട്. മഴ ഭീഷണിയുള്ളതിനാൽ സ്ത്രീകൾ കൂട്ടത്തോടെ രാവിലെ തന്നെ വോട്ട് ചെയ്തു മടങ്ങുകയാണ്. കോൺഗ്രസ് നേതാവ് കെ സുധാകരനു വോട്ടുള്ള ഗവ ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ വോട്ടിങ് യന്ത്രം പണിമുടക്കിയതിനെ തുടർന്നു സുധാകരൻ വോട്ട് ചെയ്യാതെ മടങ്ങി. തകരാർ പരിഹരിച്ചതിനു ശേഷം വീണ്ടുമെത്തി വോട്ട് ചെയ്തു.
കണ്ണൂരിലെ പ്രശ്നബാധിത ബൂത്തുകളിലൊന്നായ കുറ്റ്യാട്ടൂർ എയുപി സ്കൂളിൽ മതിയായ സുരക്ഷ ഒരുക്കിയിട്ടില്ലെന്നു പരാതി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്ന ബൂത്താണിത്. ബൂത്തിനു സമീപം നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്. ഉദുമ നിയോജക മണ്ഡലത്തിലെ അരമങ്ങാനം അറുപത്തിയേഴാം ബൂത്തിൽ ചെറിയ തോതില്‍ സംഘർഷം നടന്നു. യു ഡി എഫ് ഇൻ ഏജന്റ് അബ്ദുൽ ഖാദറെ(40) എൽ ഡി എഫ് ഇൻ ഏജന്റുമാർ ബൂത്തിനകത്തു വച്ചു മർദിച്ചുയെന്നായിരുന്നു പരാതി. തുടർന്നു പൊലീസ് ഇടപെട്ട് ഇയാളെ ബൂത്തിലിരുത്തുകയായിരുന്നു.