തൊഴിലാളികള്‍ക്ക് വിശ്വാസം നഷ്‌ടപ്പെട്ടുവെന്ന്; എ കെ മണി രാജിവച്ചു

Webdunia
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (14:13 IST)
മൂന്നാറിലെ കണ്ണന്‍ദേവന്‍ തോട്ടം തൊഴിലാളികള്‍ നടത്തിയ സമരം വന്‍ വിജയമായതോടെ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും മുന്‍ എംഎല്‍എയുമായ എ കെ മണി സൌത്ത് ഇന്ത്യന്‍ പ്ളാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ (ഐഎന്‍ടിയുസി) പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.

തോട്ടം തൊഴിലാളികളുടെ സമരം വിജയമായിരുന്നു. ട്രേഡ് യൂണിയനുകളെ മാറ്റി നിര്‍ത്തി തൊഴിലാളികള്‍ തന്നെ നടത്തിയ സമരത്തില്‍ നിന്ന് തനിക്ക് പിന്തുണ നഷ്‌ടപ്പെട്ടതായി മനസിലാകുന്നതാണ്. തൊഴിലാളികള്‍ക്ക് വിശ്വാസമില്ലാത്ത സാഹചര്യത്തില്‍ സ്ഥാനത്ത് ഇരിക്കാന്‍ സാധ്യമല്ലെന്നും മണി പറഞ്ഞു.

തന്റെ രാജി എല്ലാവരും അംഗീകരിക്കണം. സാഹചര്യങ്ങള്‍ എല്ലാവരും മനസിലാക്കുമെന്ന് വിശ്വസിക്കുമെന്നും മണി പറഞ്ഞു. അതേസമയം, മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ സ്ത്രീകള്‍ പൊരുതി നേടിയ സമര വിജയം വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്കു കളമൊരുക്കുന്നു. മണിയുടെ രാജി ഇതിന്റെ തുടക്കമാണെന്നാണു സൂചന.

കമ്പനിയുടെ ഇടനിലക്കാരായി നിന്ന് പ്രവര്‍ത്തിച്ച മിക്ക നേതാക്കളെ ജനം തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ട്രേഡ് യൂണിയനുകള്‍ക്കും പിടിച്ചു നില്‍ക്കണമെങ്കില്‍ വന്‍ അഴിച്ചുപണിയും സമൂലം മാറ്റവും വരുത്തേണ്ട നിര്‍ബന്ധിത സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്