ബിജെപി മുഖ്യശത്രുവല്ല, ആര്‍ എസ് എസിന്‍റെ വോട്ട് വേണം; മാണിയോടുള്ള നിലപാടില്‍ മാറ്റമില്ല: കാനം

Webdunia
വെള്ളി, 4 മെയ് 2018 (15:39 IST)
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണു മത്സരമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബി ജെ പിയല്ല ഇടതുമുന്നണിയുടെ മുഖ്യശത്രുവെന്നും കാനം വ്യക്തമാക്കി. ചെങ്ങന്നൂരില്‍ ഇടതുമുന്നണിക്ക് ആര്‍ എസ് എസ് വോട്ട് ചെയ്താലും സ്വീകരിക്കുമെന്നും കാനം പറഞ്ഞു.  
 
കേരളത്തിന്‍ ഇല്ലാത്ത ബിജെപിയല്ല ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന്‍റെ മുഖ്യശത്രു. യുഡിഎഫിനെ പരാജയപ്പെടുത്തുകയാണ് കേരളത്തിലെ ലക്‍ഷ്യം. കേരളത്തില്‍ ഒരാളുടെയും വോട്ട് വേണ്ടെന്നു പറയാന്‍ അധികാരമില്ല. ആര്‍എസ്എസ് വോട്ട് ചെയ്താലും ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്വീകരിക്കും. എല്‍ഡിഎഫിന് വോട്ട് ചെയ്യാമെന്ന് ആര്‍എസ്എസുകാര്‍ക്ക് തോന്നുകയാണെങ്കില്‍ വേണ്ടെന്ന് ഞങ്ങള്‍ എങ്ങനെ പറയും? അവര്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്നു പോയി നോക്കാനും കഴിയില്ല - കാനം വ്യക്തമാക്കി.  
 
അതേസമയം, കേരള കോണ്‍ഗ്രസ് എമ്മിനോടുള്ള സമീപനത്തില്‍ മാറ്റമില്ലെന്നും കാനം രാജേന്ദ്രന്‍ അറിയിച്ചു. അവരെ മുന്നണിയിലെടുക്കുന്ന കാര്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അഭിപ്രായസമന്വയമില്ലാതെ ഒരു പാര്‍ട്ടിയെ മുന്നണിയിലെടുക്കാനാകില്ലെന്നും കാനം വ്യക്തമാക്കി.
 
കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലായിരുന്നപ്പോഴാണ് ഞങ്ങള്‍ വിജയിച്ചത്. അതില്‍നിന്ന് പിന്നോട്ടു പോകേണ്ട കാര്യം എല്‍ ഡി എഫിനില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article