പരിശോധനാഫലങ്ങളിലെ വൈരുദ്ധ്യം; മണിയുടെ മരണത്തിലെ അന്വേഷണം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക്

ശനി, 18 ജൂണ്‍ 2016 (17:35 IST)
നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത വര്‍ദ്ധിക്കുന്നു. പോസ്‌റ്റു മോര്‍ട്ടം റിപ്പോര്‍ട്ടും കേന്ദ്ര ലാബിലെ പരിശോധനാഫലവും പുറത്തുവന്നതോടെയാണ് കേസ് അന്വേഷണം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് എത്തിയത്.

മണിയുടെ മരണത്തിന് മീഥൈയ്ല്‍ ആല്‍ക്കഹോളിനൊപ്പം ക്ലോര്‍പൈരിഫോസ് എന്ന കീടനാശിനിയും കാരണമായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കാക്കനാട് ലാബിലെ രാസപരിസോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഈ വിലയിരുത്തല്‍.  

ഹൈദരാബാദിലെ കേന്ദ്ര ലാബില്‍ നടത്തിയ പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ കീടനാശിനി സാന്നിധ്യമില്ല എന്ന റിപ്പോര്‍ട്ടാണ് പൊലീസിന് ലഭിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ മണിയുടേത് സ്വാഭാവിക മരണമാണെന്ന അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനത്തിന് എതിരാണ്.

ഇതോടെയാണ് മണിയുടെ മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിച്ചത്. സര്‍ക്കാര്‍ സംവിധാനത്തിലെ രണ്ട് പരിശോധന കേന്ദ്രങ്ങള്‍  വ്യത്യസ്ഥമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതാണ് ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുന്നത്. വ്യത്യസ്‌തമായ റിപ്പോര്‍ട്ട് ലഭിച്ചതോടെ കേസ് അന്വേഷണത്തിന്റെ ഗതി എന്താകുമെന്ന സംശയത്തിലാണ് മണിയുടെ കുടുംബമടക്കമുള്ളവര്‍.

കേന്ദ്രലാബിലെ റിപ്പോര്‍ട്ട്:-

കേന്ദ്രലാബിൽ നടത്തിയ രാസപരിശോധനയില്‍ മണിയുടെ ശരീരത്തില്‍ മരണകാരണമാകാവുന്ന അളവിൽ മെഥനോൾ ഉണ്ടായിരുന്നതായി പറയുന്നു. ഇതോടെയാണ് താരത്തിന്റെ മരണം സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവാണെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കി.

കേന്ദ്രലാബിൽ നടത്തിയ പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ 45 മില്ലിഗ്രാം മെഥനോൾ ഉണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. കൊച്ചി കാക്കനാട്ടെ ലാബിൽ കണ്ടെത്തിയതിലും ഇരട്ടിയിലധികമാണിതെന്നും ഇവയാകാം മരണകാരണമായതെന്നുമാണ് മെഡിക്കൽ സംഘം പറയുന്നത്. ബിയര്‍ കഴിച്ചതില്‍ നിന്നാണ് മെഥനോള്‍ മണിയുടെ ശരീരത്തില്‍ എത്തിയതെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍, ബിയറില്‍ ഉള്ളതിനേക്കാള്‍ അളവിലുള്ള മെഥനോള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നതായും കേന്ദ്രലാബിൽ നടത്തിയ രാസപരിശോധനയില്‍ വ്യക്തമായി.

മണിയുടെ ആന്തരികാവയവങ്ങളിൽ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നു കാക്കനാട്ടെ ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ, ഹൈദരാബാദിലെ കേന്ദ്രലാബിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ കീടനാശിനിയുടെ സാന്നിധ്യം തളളുകയും ചെയ്തിരുന്നു. എന്നാൽ, വിഷമദ്യത്തിൽ കാണുന്നയിനം മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക