സുരേഷ് ഗോപി അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കള്‍ ദുരിതാവസ്ഥയിലാണെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ടെത്തി. പശുക്കളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
ഭക്ഷണവും ആവശ്യമായ പരിചരണവും ഇല്ലാതെ പശുക്കള്‍ എല്ലും തോലുമായി മാറിയ അവസ്ഥയിലായിരുന്നെന്നും പശുക്കള്‍ക്ക് ആവശ്യമായ പുല്ലോ വൈക്കോലോ പോലും ലഭ്യമാക്കാറില്ലെന്നുമാണ് അന്വേഷണത്തില്‍ മനസിലായതെന്നും മന്ത്രി പറഞ്ഞു.
‘പശുക്കളെല്ലാം അത്യാസന്ന നിലയിലാണ് എന്ന് പറയേണ്ടി വരും. വിജയകൃഷ്ണനും സുരേഷ് ഗോപിയും സുരേഷ് കുമാറും ഉള്‍പ്പെടെ പ്രമുഖരായിട്ടുള്ള ഒരുപറ്റം സമ്പന്നന്‍മാരാണ് ഈ ട്രസ്റ്റിന്റെ ആളുകള്‍ എന്നാണ് മനസിലാകുന്നത്. പശുക്കളെ സംരക്ഷിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല എന്നുണ്ടെങ്കില്‍ കളക്ടറോട് പശുക്കളുടെ സംരക്ഷണം ഏറ്റെടുക്കാനും ക്ഷേത്രത്തില്‍ ഏല്‍പ്പിക്കാനുമായിട്ടുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും’. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ഗോശാലയിലെ 19 പശുക്കളും 17 കിടാങ്ങളുമടക്കം 36 പശുക്കളാണ് ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ദുരിതാവസ്ഥയില്‍ കഴിയുന്നത് എന്നായിരുന്നു പരാതി ഉയര്‍ന്നത്.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാലഭിഷേകത്തിനുള്ള പാല്‍ നല്‍കാന്‍ എന്ന പേരിലാണ് താത്ക്കാലിക അനുമതി തേടി ഗോശാല പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഗോശാലയുടെ പ്രവര്‍ത്തനം വളരെ ശോചനീയമായ അവസ്ഥയിലാണെന്ന പരാതികള്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ ഇവിടെ സന്ദര്‍ശനം നടത്തിയത്. ട്രസ്റ്റ് ആവശ്യമായ പണം നല്‍കുകയോ പശുക്കള്‍ക്ക് ആഹാരത്തിനുള്ള പുല്ലും വൈക്കോലും ഒന്നും എത്തിക്കാറുമില്ലെന്നാണ് ഇവിടുത്തെ ജീവനക്കാര്‍ പറയുന്നത്.