പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചെങ്കിലും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷമുള്ള കോട്ടയം ഡിസിസി ഓഫീസിലെ കോണ്‍ഗ്രസ് നേതാക്കളുടെ വാര്‍ത്താസമ്മേളനം ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വാര്‍ത്താസമ്മേളനത്തിനു മുന്‍പ് മൈക്കിനു വേണ്ടി 'അടിപിടി' കൂടുന്നതിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഇതാ മാധ്യമപ്രവര്‍ത്തകയുടെ ഇംഗ്ലീഷ് ചോദ്യത്തിനു മുന്‍പ് സുധാകരന്‍ കൈമലര്‍ത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളില്‍ നിറയുന്നത്.
ചോദ്യം മനസിലാകാതെ സുധാകരന്‍ വീണ്ടും ആവര്‍ത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകയോട് പറയുന്നുണ്ട്. എന്നിട്ടും മനസിലാകാതെ വന്നപ്പോള്‍ തൊട്ടപ്പുറത്ത് ഇരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോട് സുധാകരന്‍ സഹായം ചോദിക്കുന്നു. ആ സമയത്ത് ചോദ്യം സുധാകരനോട് ആണ് എന്നുപറഞ്ഞ് സതീശന്‍ ഒഴിഞ്ഞുമാറുകയാണ്. 'എന്നോടല്ല ഇദ്ദേഹത്തോട്' എന്നു പറഞ്ഞാണ് സതീശന്‍ സുധാകരനെ ചക്രവ്യൂഹത്തിലാക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ് വീഡിയോ.
പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും ഇരുവരും അത്ര നല്ല ചേര്‍ച്ചയിലല്ലെന്നും നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിനിടയിലാണ് ഇത്തരം വീഡിയോകളും വൈറലാകുന്നത്.