ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ തന്നെ മത്സരിക്കും. സിറ്റിങ് എംപിമാരെല്ലാം വീണ്ടും മത്സരിക്കണമെന്ന് എഐസിസി നിലപാടെടുത്തു. സുധാകരന് മാത്രമായി ഒഴികഴിവ് നല്‍കിയാല്‍ അത് തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നാണ് എഐസിസി വിലയിരുത്തല്‍. എഐസിസിയുടെ നിര്‍ബന്ധത്തിനു വഴങ്ങി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുധാകരന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും സുധാകരന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പോലും സുധാകരന്റെ താല്‍പര്യത്തെ എതിര്‍ത്തു. സുധാകരനെ തിരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തിയാല്‍ മറ്റു പല സിറ്റിങ് എംപിമാരും സമാന താല്‍പര്യവുമായി മുന്നോട്ടുവരുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അടക്കം എഐസിസി നേതൃത്വത്തെ അറിയിച്ചത്. ഇതേ തുടര്‍ന്നാണ് സുധാകരന്‍ അടക്കമുള്ള സിറ്റിങ് എംപിമാര്‍ വീണ്ടും മത്സരിക്കണമെന്ന് എഐസിസി ശഠിച്ചത്.
മത്സരിക്കാന്‍ ഇറങ്ങേണ്ടി വന്നാല്‍ ഇറങ്ങുമെന്നും എന്നാല്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സുധാകരന്‍ പ്രതികരിച്ചു. പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് ഇരിക്കാനാണ് ഇഷ്ടം. ഇക്കാര്യം അറിയിക്കേണ്ടവരെയെല്ലാം അറിയിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങളെല്ലാം ദേശീയ നേതൃത്വം തീരുമാനിക്കട്ടെയെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ നിന്നായിരിക്കും സുധാകരന്‍ ജനവിധി തേടുക.