'ഇത് സര്‍ക്കാരിന്റെ അല്ലേ, അതുകൊണ്ട് വലിയ ഗുണമൊന്നും ഉണ്ടാകില്ലെന്ന് കരുതിയിരുന്നവരുണ്ട്. അവര്‍ തന്നെ പിന്നീട് അഭിപ്രായം മാറ്റിപ്പറഞ്ഞു. മുന്‍പ് ഉപയോഗിച്ചിരുന്ന നെറ്റ് വര്‍ക്കിനേക്കാള്‍ കെ ഫോണ്‍ മികവ് പുലര്‍ത്തുന്നുണ്ടെന്നാണ് പലരും എന്നോടു നേരിട്ടു പറഞ്ഞിട്ടുള്ളത്. നമ്മുടെ പ്രയത്നങ്ങളെല്ലാം ഫലം കണ്ടെന്നാണ് ആളുകളുടെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാകുന്നത്. വലിയ അഭിമാനവും സന്തോഷവും തോന്നുന്നുണ്ട്,' പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെ ഫോണ്‍ മാനേജിങ് ഡയറക്ടറുമായ ഡോ.സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറയുന്നു. സംസ്ഥാനത്തെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം ശക്തവും കാര്യക്ഷമവുമാക്കുന്നതിനു കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച കെ ഫോണ്‍ പദ്ധതി വലിയൊരു വിപ്ലവമായി മാറുകയാണ്. ഡിജിറ്റല്‍ സമത്വമെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ഓരോ പടിയും ഏറെ ഉത്സാഹത്തോടെയാണ് കയറിപ്പോകുന്നതെന്നും ഡോ.സന്തോഷ് ബാബു പറയുന്നു.
'കണക്ടിങ് ദി അണ്‍ കണക്റ്റഡ്' എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമായി തിരുവനന്തപുരം കോട്ടൂരിലെ ചോനംപാറ, വാലിപ്പാറ ആദിവാസി മേഖലകളില്‍ 103 വീടുകള്‍ക്കു കെ ഫോണ്‍ കണക്ഷന്‍ നല്‍കിയത് ഈയടുത്താണ്. 'പരിധിക്കപ്പുറം' നില്‍ക്കുന്ന മനുഷ്യരെ ചേര്‍ത്തുപിടിക്കുകയെന്ന ലക്ഷ്യമാണ് തങ്ങള്‍ക്കുള്ളതെന്നും ഡോ.സന്തോഷ് ബാബു പറഞ്ഞു.
' ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്ത ഇടങ്ങളിലേക്കും എത്തുകയെന്നത് കെ ഫോണിന്റെ ലക്ഷ്യമാണ്. വ്യക്തിപരമായ താല്‍പര്യത്തിന്റെ പുറത്താണ് ബൃഹത്തായ ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. സര്‍ക്കാരില്‍ നിന്നും എല്ലാ സഹായങ്ങളും ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ സാറും വളരെ പോസിറ്റീവായാണ് ഇതിനെ കാണുന്നത്. 31,000 കിലോമീറ്റര്‍ ഉള്ള നെറ്റ് വര്‍ക്കാണ് നമ്മുടേത്. 75,000 കണക്ഷനുകള്‍ ഇതുവരെ നല്‍കി. 2025 കഴിയുമ്പോഴേക്കും ആകെ കണക്ഷനുകല്‍ രണ്ടര ലക്ഷത്തില്‍ അധികമാക്കുകയാണ് ലക്ഷ്യം. അത് സാധ്യമാകുമെന്ന് തന്നെയാണ് പ്രതീക്ഷ. ആദിവാസി മേഖലകളിലും പാവപ്പെട്ടവരുടെ ഇടയിലും കെ ഫോണ്‍ എത്തിക്കുക എന്നതിനാണ് പ്രഥമ പരിഗണന. അതേസമയം തന്നെ ഇതൊരു കമ്പനിയാണ്, ലാഭം ഉണ്ടാക്കിയേ പറ്റൂ. അതിനായുള്ള ശ്രമങ്ങളും ഞങ്ങള്‍ നടത്തും,'
' പണം അടച്ച് ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കാന്‍ കഴിയാത്ത പാവപ്പെട്ട മനുഷ്യര്‍ ധാരാളമുണ്ട്. ആദിവാസി മേഖലകളിലെല്ലാം സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് അത്തരത്തില്‍ കെ ഫോണ്‍ കണക്ഷന്‍ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. അതൊരു വെല്ലുവിളിയാണ്. തിരുവനന്തപുരം കോട്ടൂര്‍ മേഖലയില്‍ രണ്ട് ആദിവാസി ഊരുകളിലായി 93 കുടുംബങ്ങള്‍ക്ക് നമ്മള്‍ കണക്ഷന്‍ കൊടുത്തു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹായത്തോടെയാണ് അത് ചെയ്തത്. ഇതുപോലെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് കണക്ഷന്‍ നല്‍കാനാണ് നമ്മള്‍ ആലോചിക്കുന്നത്. അതിനായി കമ്പനികള്‍ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്,' ഡോ.സന്തോഷ് ബാബു പറഞ്ഞു.
മാനസികമായി ഇത്രയും സംതൃപ്തി ലഭിക്കുന്ന പ്രൊജക്ട് ഉണ്ടാകുമോയെന്ന കാര്യം സംശയമാണെന്നും അദ്ദേഹം പറയുന്നു. ലോകത്ത് എന്താണ് നടക്കുന്നതെന്ന് അറിയാന്‍ സാധിക്കാത്ത പാവപ്പെട്ട മനുഷ്യരുണ്ട്. ഒരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെങ്കില്‍ അവരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടും. അങ്ങനെയുള്ള മനുഷ്യരെ മുന്നില്‍കണ്ടാണ് 'കണക്ടിങ് ദി അണ്‍ കണക്റ്റഡ്' എന്ന പദ്ധതി നടപ്പിലാക്കിയത്. ഈ വലിയ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി സംസ്ഥാനത്ത് സിഎസ്ആര്‍ കോണ്‍ക്ലേവ് നടത്താന്‍ ആലോചിക്കുന്നുണ്ട്. 4,600 ആദിവാസി ഊരുകളാണ് കേരളത്തില്‍ ഉള്ളതെന്നാണ് കണക്കുകള്‍. എല്ലാ മനുഷ്യരുടെ ഇടയിലേക്കും കെ ഫോണ്‍ എത്തിക്കുകയെന്ന ലക്ഷ്യം നിറവേറ്റാല്‍ ഇനിയും വിശ്രമമില്ലാതെ പരിശ്രമിക്കും - സന്തോഷ് ബാബു കൂട്ടിച്ചേര്‍ത്തു.