അമ്മയെ തെരുവില്‍ വലിച്ചിഴക്കുന്നതാണോ പൊലീസ് നയം ?; ചെന്നിത്തലയുടെ ചോദ്യങ്ങളില്‍ ഉത്തരമില്ലാതെ സര്‍ക്കാര്‍

Webdunia
വെള്ളി, 7 ഏപ്രില്‍ 2017 (20:36 IST)
ജിഷ്‌ണുവിന്റെ അമ്മയ്‌ക്കുനേരെയുണ്ടായ പൊലീസ് നടപടിയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമ്മയെ തെരുവിലൂടെ വലിച്ചിഴക്കുന്നതാണോ ഈ സര്‍ക്കാരിന്റെ പൊലീസ് നയമെന്നും അദ്ദേഹം ചോദിച്ചു.

ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലസ് ആസ്ഥാനത്ത് മര്‍ദ്ദിച്ച നടപടി ന്യായീകരിച്ച സിപിഎംഎം സ്വയം അപഹാസ്യരായി. പൊലീസ് നടപടിയെ ന്യായീകരിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന വിഎസ് അച്യുതാനന്ദനും എംഎ ബേബിക്കും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമുള്ള മറുപടിയാണെന്നും ചെന്നിത്തല പറഞ്ഞു.

നേരത്തെ, മഹിജയ്ക്കും കുടുംബത്തിനുമെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തിയിരുന്നു. ഡിജിപി ഓഫീസിന് മുന്നിലെ പൊലീസ് നടപടി ഇടത് സര്‍ക്കാരിന്റെ നയത്തിന് അനുസൃതമായാണെന്ന വിശദീകരണമാണ് സിപിഎം നല്‍കിയത്. ജിഷ്ണുവിന്റെ അമ്മയെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

സംഘർഷം യാദൃശ്ചികമായി ഉണ്ടായതല്ല. ബിജെപി, കോൺഗ്രസ് നേതാക്കളാണ് സമരത്തിന് ചുക്കാൻ പിടിച്ചത്. ഡിജിപിയെ കാണാൻ അനുമതി ലഭിച്ചിട്ടും ജിഷ്ണുവിന്റെ ബന്ധുക്കൾ തയ്യാറായില്ല. കൂടെയുണ്ടായിരുന്ന ചിലർ പ്രകോപനം സൃഷ്ടിച്ചു. മർദനമേറ്റതായ മഹിജയുടെ പരാതി നിഷ്പക്ഷമായാണ് അന്വേഷിക്കുക. ബിജെപി, കോൺഗ്രസ് മുന്നണികളുടെ ദുഷ്ടലാക്ക് തിരിച്ചറിയണമെന്നും സിപിഎം നേതൃത്വം അറിയിച്ചിരുന്നു. ഇതിനെതിരാണ് ചെന്നിത്തല രംഗത്തെത്തിയത്.
Next Article