നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി ജനവിധി തേടുമെന്ന വാര്‍ത്തകളെ തള്ളി ജയരാജ് വാര്യര്‍ രംഗത്ത്. ഇടതു ലേബലില്‍ താന്‍ മത്സരിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. എല്ലാ രാഷ്‌ട്രീയനേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്ന തനിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രീയനേതാക്കളുമായി സൌഹൃദം എന്നും പുലര്‍ത്താനാണ് താന്‍ ആഗ്രഹിക്കുന്നത്. എല്ലാവരെയും ചിരിപ്പിച്ചും അനുഗ്രഹം ഏറ്റുവാങ്ങിയും ജീവിക്കുന്ന തനിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് ശരിയായ രീതിയല്ല. നിലവിലെ പരിപാടികളുമായി മുന്നോട്ട് പോകുന്നതിനൊപ്പം ആക്ഷേപഹാസ്യത്തിലൂടെ ശരിയുടെ പക്ഷത്തു നില്‍ക്കുമെന്നും ജയരാജ് വാര്യര്‍ പറഞ്ഞു.
മത്സരരംഗത്ത് ഇറങ്ങാന്‍ മടിയില്ലെന്നും ഇടതുമുന്നണിയുമായി ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാനാണ് താല്‍പ്പര്യമെന്നും ജയരാജ് വാര്യര്‍ വ്യക്തമാക്കിയെന്നുമായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. കോണ്‍ഗ്രസിന്റെ തേറമ്പിലിനെ തറപറ്റിക്കാന്‍ സിപിഎം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍, കോര്‍പ്പറെഷന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറാന്‍ സാധിച്ചതാണ് പൊതുസമ്മതനെന്ന നിലയില്‍ ജയരാജ് വാര്യരെ മത്സരിപ്പിക്കാന്‍ ഇടത് നേതൃത്വം തീരുമാനിച്ചതെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍.
ജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളില്‍ സിനിമയില്‍ നിന്നുള്ള പ്രമുഖരെവെച്ച് പരിക്ഷണം നടത്താന്‍ ഇടതു- വലതു മുന്നണികള്‍ തീരുമാനിച്ചിരിക്കുകയാണ്. പത്തനാപുരത്ത് കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ഗണേഷ് കുമാറിനെതിരെ നടന്‍ ജഗദീഷിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം പ്രാഥമികമായി തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ബിജെപി മണ്ഡലത്തിലേക്ക് സ്ഥാനാര്‍ഥിയായി കണ്ടിരിക്കുന്നത് കൊല്ലം തുളസിയെയാണ്.