യോഗദിന ഉദ്‌ഘാടന ചടങ്ങില്‍ കീര്‍ത്തനം ചൊല്ലിയതില്‍ മന്ത്രിക്ക് അതൃപ്‌തി; ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി ഷൈലജയുടെ ശാസന

Webdunia
ചൊവ്വ, 21 ജൂണ്‍ 2016 (09:18 IST)
രണ്ടാമത് അന്തര്‍ദേശീയ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കീര്‍ത്തനം ആലപിച്ചതില്‍ മന്ത്രി കെ കെ ഷൈലജയ്ക്ക് അതൃപ്‌തി. സംഭവത്തില്‍ അതൃപ്‌തി രേഖപ്പെടുത്തിയ മന്ത്രി ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തു.
 
ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ഒരു മതവിഭാഗത്തിന്റെ മാത്രം അല്ല യോഗയെന്ന് മന്ത്രി പറഞ്ഞിരുന്നു. മതേതരത്വം കാത്തു സൂക്ഷിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ജാതിമത ഭേദമില്ലാതെയാണ് എല്ലാവരും ഇവിടെ യോഗദിനം ആചരിക്കാന്‍ എത്തിയിരിക്കുന്നതെന്നും മന്ത്രി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. 
 
ഉദ്ഘാടനപ്രസംഗത്തിനു ശേഷമായിരുന്നു യോഗ അഭ്യാസങ്ങള്‍ തുടങ്ങിയത്. മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാറും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എന്നാല്‍, യോഗ പരിശീലന സമയത്ത് കീര്‍ത്തനം ആലപിച്ചതില്‍ മന്ത്രി അസ്വസ്ഥയാകുകയും ഇക്കാര്യത്തെപ്പറ്റി മുന്‍മന്ത്രി വി എസ് ശിവകുമാറിനോട് സംസാരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ്, യോഗ ചെയ്യുന്നതിനിടയില്‍ ഇത്തരം കീര്‍ത്തനങ്ങള്‍ ആവശ്യമുണ്ടോ എന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ചോദിച്ചത്.
 
എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ കോമണ്‍ യോഗ പ്രോട്ടോക്കോള്‍ പ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം. ആയുഷ് വകുപ്പിന്റെ സെക്രട്ടറി അടക്കമുള്ളവര്‍ വ്യക്തമാക്കുകയും ചെയ്തു.
ആയുഷ് വകുപ്പിന്റെ നേതൃത്വത്തിലാണ് സംസ്ഥാനതലത്തില്‍ യോഗ ദിനാചരണം നടന്നത്.
 
അതേസമയം, കീര്‍ത്തനം ചൊല്ലിയതില്‍ വിശദീകരണം ചോദിച്ചെന്ന റിപ്പോര്‍ട്ട് മന്ത്രി നിഷേധിച്ചു. എല്ലാവര്‍ക്കും സ്വീകാര്യമായ കീര്‍ത്തനം ചൊല്ലിക്കൂടേ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
Next Article