വോട്ടെടുപ്പിന് ശേഷവും ചൂടുപിടിച്ച വടകര പോര്, വിജയിക്കുന്നത് ഷാഫിയോ, ടീച്ചറോ?

അഭിറാം മനോഹർ
വെള്ളി, 10 മെയ് 2024 (20:26 IST)
പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായത് മുതല്‍ കേരളത്തില്‍ ഏറ്റവും വലിയ തിരെഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന മണ്ഡലമാണ് വടകര. 2009ലും 2014ലും യുഡിഫിന്റെ ഒപ്പം നിന്ന വടകര മണ്ഡലത്തില്‍ നിന്നും 84,663 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് 2019ല്‍ വിജയിച്ചത്. ഇരുമുന്നണികള്‍ക്കും നാല് ലക്ഷത്തിലധികം വോട്ടുകള്‍ ഉറപ്പുള്ള മണ്ഡലത്തില്‍ ഭരണം തിരികെ പിടിക്കുക എന്ന ലക്ഷ്യവുമായി ഇക്കുറി ശക്തയായ സ്ഥാനാര്‍ഥിയെയാണ് എല്‍ ഡിഎഫ് മത്സരരംഗത്തിറക്കിയത്. കഴിഞ്ഞ പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായി മികച്ച റെക്കോര്‍ഡുള്ള കെ കെ ഷൈലജയെയാണ് എല്‍ഡിഎഫ് മണ്ഡലം തിരികെ പിടിക്കാനായി നിയോഗിച്ചത്. ഈ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് വടകര വാര്‍ത്തകളില്‍ നിറയുന്നത്.
 
 കെ മുരളീധരന്‍ സിറ്റിംഗ് എം പിയായുള്ള മണ്ഡലം കോണ്‍ഗ്രസ് എളുപ്പത്തില്‍ നിലനിര്‍ത്തുമെന്ന വിലയിരുത്തലുകള്‍ തെറ്റുന്നത് കെ കെ ഷൈലജയുടെ ഈ സ്ഥാനാര്‍ഥിത്വത്തിലൂടെയായിരുന്നു. ഇതോടെ ഇരു കക്ഷികള്‍ക്കും വലിയ വോട്ടുബാങ്കുള്ള മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ പ്രധാന്യമുള്ളതായി മാറി. പാലക്കാട് സിറ്റിംഗ് എല്‍ എല്‍ എ ആയ ഷാഫി പറമ്പില്‍ വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുന്നത് ഈ വോട്ടുകള്‍ കൂടി ലക്ഷ്യമിട്ടാണ്. ഇതോടെ വടകരയില്‍ ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്ന് ഉറപ്പാകുകയും ചെയ്തു.
 
പ്രതീക്ഷിച്ചത് പോലെ പ്രചാരണസമയത്ത് ശക്തമായ കൊടുക്കല്‍ വാങ്ങലുകള്‍ വടകരയിലെ സ്ഥാനാര്‍ഥികള്‍ തമ്മില്‍ നടന്നു. വടകര സ്ഥാനാര്‍ഥിയായ കെ കെ ഷൈലജയെ സൈബര്‍ ആക്രമണം നടക്കുന്നത് വരെ കാര്യങ്ങള്‍ നീങ്ങി. ഷാഫി പറമ്പിലിന്റെ സമ്മതത്തോടെയാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്ന കെകെ ഷൈലജയുടെ ആരോപണവും വിവാദം ചൂട് പിടിക്കുന്നതിനിടയാക്കി. തന്റെ മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിപ്പിച്ചു എന്നതായിരുന്നു കെ കെ ഷൈലജയുടെ ആരോപണം. ഇതോടെ തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കാനായി രാഷ്ട്രീയ ആരോപണം ഉന്നയിച്ചതെന്ന് ആരോപിച്ച് കെകെ ഷൈലജയ്‌ക്കെതിരെ ഷാഫി പറമ്പില്‍ വക്കീല്‍ നോട്ടീസ് അയച്ചത് വോട്ടെടുപ്പിന് ശേഷവും വടകരയിലെ പോര് തുടരുന്നതിന് കാരണമായി. അതിനാല്‍ തന്നെ ജൂണ്‍ അഞ്ചിന് വോട്ടെണ്ണുമ്പോള്‍ സംസ്ഥാനം ഏറ്റവും ഉറ്റുനോക്കുന്ന മണ്ഡലമാണ് ഇത്തവണ വടകര.

അനുബന്ധ വാര്‍ത്തകള്‍

Next Article