രജിഷയ്ക്കും മഞ്ജുവാര്യർക്കും പാർവതിയ്ക്കും റിമ കല്ലിങ്കലിനും ഉള്ള എന്തോ ഒന്ന് സുരഭിക്കില്ല: ലിജീഷ്

Webdunia
ചൊവ്വ, 12 ഡിസം‌ബര്‍ 2017 (11:05 IST)
പതിമൂന്ന് വർഷങ്ങൾക്ക് ശേഷം മലയാളസിനിമയ്ക്ക് ദേശീയ അവാര്‍ഡ് നേടിത്തന്ന സുരഭിയെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ അവഗണിച്ച സംഭവം വിവാദത്തിലേക്ക്. ഇപ്പോഴിതാ, സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ ലിജീഷ് കുമാർ.
 
ലിജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
how fair or unfair cinema has been to women in the last 125 years ?" 
മീന.ടി.പിള്ള ഉന്നയിച്ച ഈ ചോദ്യത്തിലാണ് iffk യുടെ മൂന്നാം ദിവസത്തെ ഓപ്പൺഫോറം ആരംഭിച്ചത്. മറുപടി പറയാൻ വേദിയിൽ ഗീതു മോഹൻദാസും പാർവതിയും വിധു വിൻസന്റും റിമ കല്ലിങ്കലും. ആണഭിനേതാക്കളാനയിക്കപ്പെടുന്നതിലെ ആശങ്കകൾക്കിടയിൽ ഞാനവളെ തിരഞ്ഞു, കമലിന്റെ പി.കെ.റോസിയെ അല്ല - സുരഭിയെ. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മലയാളസിനിമയ്ക്ക് വാങ്ങിത്തന്ന സുരഭിലക്ഷ്മിയെ.
 
how fair or unfair cinema has been to women in the last 125 years? ഈ ചോദ്യത്തിന്റെ ഉത്തരം സുരഭി പറയട്ടെ. മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്ത ഇരുപത്തിരണ്ടാമത് iffk ക്ക് വിളക്ക് കൊളുത്തിയത് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭിയല്ല. ആണുങ്ങളാരുമല്ല, മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ രജിഷ വിജയനാണ്. അപ്പോൾ പെണ്ണായത് കൊണ്ടല്ല സുരഭി അരികിലായത്, രജിഷയെപ്പോലെ ഉള്ള ഒരു പെണ്ണല്ലാത്തത് കൊണ്ടാണ്. രജിഷ വിജയനുള്ള എന്തോ ഒന്ന് സുരഭിക്കില്ല. മഞ്ജുവാര്യർക്കും പാർവതിയ്ക്കും റിമ കല്ലിങ്കലിനും ഉള്ള എന്തോ ഒന്ന് സുരഭിക്കില്ല. എന്താണത് ? ആണുങ്ങളല്ലാത്ത ആണുങ്ങളും പെണ്ണുങ്ങളല്ലാത്ത പെണ്ണുങ്ങളുമുണ്ട്. women in cinema യെക്കുറിച്ചുള്ള ചർച്ചയിൽ അവരെല്ലാമാണ് വിചാരണ ചെയ്യപ്പെടേണ്ടത്.
 
സുരഭീ,
വിഷമിക്കേണ്ട. മിന്നാമിനുങ്ങുകൾക്ക് പകൽ വെളിച്ചത്തിൽ നിറമുണ്ടാവില്ല, തീയേറ്ററിലെ ഇരുട്ടിലാണ് നിങ്ങളുടെ ഇടം. ആ ഇടമാണ് ഒരഭിനേത്രിക്ക് വേണ്ടതും. എൻഡ് ടൈറ്റിലിനൊപ്പം തെളിയുന്ന നിയോൺ വെളിച്ചത്തിൽ മുഴങ്ങുന്ന കയ്യടികളാണ് കൊതിക്കേണ്ടത്, പകൽപ്പൂരങ്ങളിൽ നിങ്ങളെ കൊണ്ടാടുന്നവർ നിങ്ങളിലെ പ്രതിഭയുടെ ആരാധകരല്ല. സൗന്ദര്യാരാധകരായ, താരാരാധാകരായ പാവം മനുഷ്യരാണവർ. അവരോട് കലഹിച്ചിട്ടെന്ത് ! അവരീ ചെയ്യുന്നതേ അവർക്കറിയൂ. അകത്ത് രാജാവും റാണിയും കളി നടക്കുന്ന പവലിയനു പുറത്ത്, കൊട്ടിയും പാടിയും പടം പിടിച്ചും കീഴാളർ കൊഴുപ്പിക്കുന്ന വിനോദമാണിത്. ക്ഷണിക്കപ്പെടാൻ കാത്തു നിൽക്കാത്ത ഒരുപാടേറെ മനുഷ്യരുണ്ടിവിടെ. തമ്മിലിന്നോളം കണ്ടിട്ടില്ലാത്തവരുടെ പോലും id കാർഡും കഴുത്തിലിട്ട് വെയിൽച്ചൂടിലുരുകി ക്യൂ നിൽക്കുന്നവർ. വരൂ ഞങ്ങൾക്കിടയിലേക്ക് വരൂ.

അനുബന്ധ വാര്‍ത്തകള്‍

Next Article